സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി കൊറോണ ബാധ; ഇതുവരെ രോഗികളായ മൂന്നുപേരും സഹപാഠികള്‍; കൂടുതല്‍ പേര്‍ക്ക് ബാധിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയാണിയാളും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും വൈറസ് വ്യാപനം തടയാന്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു.

തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇനിയും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇതോടെ അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കൊറോണയാണ്. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച ഏക സംസ്ഥാനവും കേരളമാണ്. ജനുവരി 30ന് തൃശൂരില്‍ ഒരു വിദ്യാര്‍ത്ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ആലപ്പുഴയിലും രോഗം സ്ഥിരീകരിച്ചു. ഈ വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരെല്ലാം വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. മൂന്നു പേരും സഹപാഠികളാണ്.

ചൈനയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ തന്നെ ഇവരെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.
പൂനെയിലെ വൈറോളജി ലാബിലാണ് സാംപിള്‍ പരിശോധന നടന്നത്. സംസ്ഥാനത്തെ 104 പേരുടെ സാംപിള്‍ ആണ് ഇവിടെ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇതില്‍ 34 പേരുടെ സാംപിള്‍ നെഗറ്റീവ് ആണെന്നും ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വഴി സംസ്ഥാന സര്‍ക്കാരിന് അറിയിപ്പ് ലഭിച്ചു. അവശേഷിക്കുന്ന 70 പേരുടെ സാംപിള്‍ ഫലം വരും ദിവസങ്ങളില്‍ വ്യക്തമാകും.

pathram:
Related Post
Leave a Comment