കൊറോണ: ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്

കൊച്ചി: കൊറോണയെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പും അധികൃതരും കഠിനപ്രയത്‌നം ചെയ്യുമ്പോള്‍ വ്യാജപ്രതിരോധ സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിക്കുന്നത് പൊല്ലാപ്പാകുകയാണ്.. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കേരള പോലീസും ആരോഗ്യവകുപ്പും അറിയിച്ചിട്ടും കാര്യമായ കുറവില്ല.

‘കൊറോണ വൈറസിനെ അകറ്റിനിര്‍ത്താന്‍ രണ്ട് പെഗ് അടിക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍ സുഹൃത്ത് പറയുന്നു…’ കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതുമുതല്‍ വാട്സാപ്പില്‍ നിറയുന്ന വ്യാജസന്ദേശങ്ങളില്‍ ഒന്നാണിത്. ഇടയ്ക്കിടെ തൊണ്ടനനച്ചാല്‍ കൊറോണ വൈറസ് ബാധിക്കില്ല, വെളുത്തുള്ളി വേവിച്ച വെള്ളം കുടിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാം തുടങ്ങി ഒട്ടേറെ സന്ദേശങ്ങളാണ് വാട്സാപ്പിലും ഫെയ്‌സ്ബുക്കിലും മറ്റും പ്രചരിക്കുന്നത്.

തൊണ്ടവരണ്ടാല്‍ പത്തുമിനിറ്റിനുള്ളില്‍ വൈറസ് ശരീരത്തില്‍ കടക്കുമെന്നാണ് ഇവരുടെ വാദം. മാര്‍ച്ച് അവസാനംവരെ ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കാനാണ് സന്ദേശം ആവശ്യപ്പെടുന്നത്. വെള്ളം കുടിക്കുന്നത് ശരീരത്തിന് ആവശ്യമാണെങ്കിലും കൊറോണയും തൊണ്ടവരളുന്നതും തമ്മില്‍ ബന്ധമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

വേവിച്ച വെളുത്തുള്ളി കഴിക്കുന്നത് ഏറെ ഫലപ്രദമാണെന്നും ഒരുരാത്രികൊണ്ട് കൊറോണ വൈറസ് ശരീരത്തില്‍നിന്നുപോകുമെന്നും വ്യാജന്മാര്‍ പറയുന്നു. വറുത്ത അല്ലെങ്കില്‍ മസാലകള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കാനും വ്യാജസന്ദേശങ്ങള്‍ ഉത്തരവിടുന്നു.

കൊറോണ ചികിത്സയ്ക്കായി മരുന്ന് കണ്ടുപിടിച്ചുവെന്ന രീതിയിലുള്ള സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. സന്ദേശങ്ങളോടൊപ്പം ചൈനയില്‍ വിവിധ സ്ഥലങ്ങളിലേതെന്നു സൂചിപ്പിച്ചുകൊണ്ടുള്ള വീഡിയോകളും പ്രചരിക്കുന്നുണ്ട്. പാമ്പിനെ ഭക്ഷിക്കുന്ന യുവാക്കളുടെയും പല മാര്‍ക്കറ്റുകളുടെയും ചിത്രങ്ങളും വീഡിയോകളുമാണു പ്രചരിക്കുന്നത്.

കൃത്യമായ അറിയിപ്പുകളും വിശദീകരണങ്ങളും ഓരോ ദിവസവും ആരോഗ്യവകുപ്പ് പുറത്തുവിടുന്നുണ്ട്. ഇവ മാത്രം വിശ്വസിക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയുമാണുവേണ്ടത്. ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനുകള്‍മാത്രം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുക. ആധികാരിക മാധ്യമങ്ങളില്‍വരുന്ന വിവരങ്ങള്‍മാത്രം പങ്കുവെക്കുക.

pathram:
Related Post
Leave a Comment