സഞ്ജു സാംസണ്‍ നിര്‍ഭയനായ കളിക്കാരനാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടപ്പോള്‍ ലോകേഷ് രാഹുലിനൊപ്പം സഞ്ജുവിനെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കാനായിരുന്നു ടീമിന്റെ തീരുമാനം. പ്രഹരശേഷിയുടെ കാര്യത്തില്‍ ഇരുവരെയും വെല്ലാനാവില്ലല്ലോ. എന്നാല്‍, കൂടുതല്‍ പരിചയ സമ്പന്നനെന്ന നിലയില്‍ ഞാന്‍ കൂടെ ഇറങ്ങണമെന്ന രാഹുലിന്റെ അഭ്യര്‍ഥനപ്രകാരമാണ് തീരുമാനം മാറ്റിയത്. സമ്മര്‍ദ്ദഘട്ടമായതിനാല്‍ താന്‍ തന്നെ രംഗം കൈകാര്യം ചെയ്യാമെന്ന് കരുതിയെന്നും കോലി വ്യക്തമാക്കി. മത്സരശേഷം സംസാരിക്കുമ്പോഴാണ് കോലിയുടെ പ്രതികരണം.
സൂപ്പര്‍ ഓവറില്‍ 14 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ അഞ്ചു പന്തില്‍ത്തന്നെ വിജയം കുറിച്ചിരുന്നു. ആദ്യ രണ്ടു പന്തുകളില്‍ സിക്‌സും ഫോറും നേടിയ ലോകേഷ് രാഹുല്‍ മൂന്നാം പന്തില്‍ പുറത്തായെങ്കിലും തുടര്‍ന്നെത്തിയ സഞ്ജുവിനെ സാക്ഷിനിര്‍ത്തി ഒരു ഡബിളും ഫോറും സഹിതം കോലി ടീമിനെ വിജയത്തിലെത്തിച്ചു.
‘സൂപ്പര്‍ ഓവറിലെ ആദ്യ രണ്ടു പന്തുകള്‍ നിര്‍ണായകമായി (ഈ രണ്ടു പന്തുകളില്‍ ലോകേഷ് രാഹുല്‍ തുടര്‍ച്ചയായി സിക്‌സും ഫോറും നേടിയിരുന്നു). ഫീല്‍ഡിലെ വിടവുകള്‍ നോക്കി കളിച്ചാല്‍ മത്സരം സ്വന്തമാക്കാമെന്ന ആത്മവിശ്വാസം ഇതോടെ ലഭിച്ചു. സൂപ്പര്‍ ഓവറുകളില്‍ കളിച്ച് അത്ര പരിചയമുള്ള ആളല്ല ഞാന്‍. എങ്കിലും ടീമിനായി ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായതില്‍ സന്തോഷം’ കോലി പറഞ്ഞു.
‘സഞ്ജു സാംസണ്‍ നിര്‍ഭയനായ കളിക്കാരനാണ്. എല്ലാം വരുതിയിലാക്കാന്‍ ഇന്ന് സുവര്‍ണാവസരമായിരുന്നു. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതില്‍ നമുക്കു പിഴവുപറ്റി. ആദ്യത്തെ സിക്‌സിനുശേഷം അതേ വേഗം തുടരാനായിരുന്നു ശ്രമം. നടന്നില്ല. വാഷിങ്ടന്‍ സുന്ദറും നവ്ദീപ് സെയ്‌നിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ന്യൂസീലന്‍ഡ് കാഴ്ചവച്ച പ്രകടനം വച്ചുനോക്കുമ്പോള്‍ കൃത്യസമയത്ത് മികവു കാട്ടാന്‍ നമുക്കായി എന്നതാണ് സത്യം. ടീമിന്റെ ഇന്നത്തെ പ്രകടനത്തില്‍ അതിയായ സന്തോഷമുണ്ട്’ കോലി വ്യക്തമാക്കി.
മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചാണ് പകരം സഞ്ജു സാംസണ് അവസരം നല്‍കിയത്. ലോകേഷ് രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു നേരിട്ട മൂന്നാം പന്തില്‍ സ്‌കോട്ട് കുഗ്ഗെലെയ്‌നെതിരെ സിക്‌സര്‍ നേടിയെങ്കിലും അഞ്ചാം പന്തില്‍ പുറത്തായി. ആകെ സമ്പാദ്യം ഒരു സിക്‌സ് സഹിതം എട്ടു റണ്‍സ്. ഇതിനു മുന്‍പ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും നേരിട്ട ആദ്യ പന്തില്‍ത്തന്നെ സിക്‌സര്‍ നേടിയ സഞ്ജു തൊട്ടടുത്ത പന്തില്‍ പുറത്തായിരുന്നു.
‘ഇന്നത്തെ മത്സരം പ്രധാനപ്പെട്ടൊരു പാഠം കൂടി പറഞ്ഞുതരുന്നുണ്ട്. മത്സരത്തിന്റെ ഏതു ഘട്ടത്തിലും ശാന്തത കൈവിടാതിരിക്കുക. സംഭവിക്കുന്ന കാര്യങ്ങള്‍ ശാന്തമായി നിരീക്ഷിക്കുക. അവസരം കിട്ടുമ്പോള്‍ തിരിച്ചടിക്കുക അതാണ് വേണ്ടത്. തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ നേടിയ ഈ വിജയത്തേക്കാള്‍ ആവേശം പകരുന്നതെന്തുണ്ട്? ഇതിനു മുന്‍പ് നമ്മള്‍ സൂപ്പര്‍ ഓവറില്‍ കളിച്ചിട്ടില്ല. ഇപ്പോഴിതാ, തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ സൂപ്പര്‍ ഓവറില്‍ ജയിച്ചിരിക്കുന്നു. കൈവിട്ട മത്സരം ഈവിധം തിരിച്ചുപിടിക്കുന്നത് തീര്‍ച്ചയായും സന്തോഷം പകരുന്ന കാര്യമാണ്’ കോലി പറഞ്ഞു.
key words: sanju-samson-is-fearless-and-thought-of-sending-him-for-super-over-says-virat-kohli
Leave a Comment