കരുതിയിരിക്കുക…, കൊറോണ കംപ്യൂട്ടറിലേക്കും; രോഗ വിവരങ്ങളും മുന്നൊരുക്കങ്ങളും നല്‍കുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കുക…

ലോക ജനതയെ ഭീതിയിലാഴ്ത്തി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഭീതി മുതലെടുത്ത് കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം. കൊറോണ രോഗത്തെ പറ്റിയുള്ള വിവരങ്ങളും സ്വകരിക്കേണ്ട മുന്നൊരുക്കങ്ങളും എന്ന തരത്തില്‍ സന്ദേശങ്ങള്‍ അയച്ചാണ് കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കാസ്പര്‍കിയുടെ നിരീക്ഷക സംഘമാണ് വൈറസ് പടരുന്നതായി കണ്ടെത്തിയിരിക്കുന്നത്. എംപി4, പിഡിഎഫ് ഫയലുകളായാണ് വൈറസുകള്‍ കടത്തിവിടുന്നത്. കംപ്യൂട്ടറുകളില്‍ നിന്നുള്ള വിവിരങ്ങള്‍ ഈ വൈറസിന് ചോര്‍ത്തുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

വാര്‍ത്തകളില്‍ നിറഞ്ഞു നിര്‍ക്കുന്ന കൊറോണ വൈറസ് ഭീതി മുതലെടുത്താണ് സൈബര്‍ ക്രിമിനലുകള്‍ ഇത് ചെയ്തത്. നിലവില്‍ വളരെ കുറച്ച് മാത്രം കംപ്യൂട്ടറുകളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ രോഗം കൂടുതല്‍ വഷളാവുകയാണെങ്കില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകുമെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു.

കൊറോണ വൈറസില്‍ നിന്ന് എങ്ങനെ പരിരക്ഷിക്കപ്പെടാം എന്നതിനെക്കുറിച്ചുള്ള വിഡിയോ നിര്‍ദ്ദേശങ്ങള്‍, ഭീഷണിയെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍, വൈറസ് കണ്ടെത്തല്‍ നടപടിക്രമങ്ങള്‍ എന്നീ പേരുകളിലാണ് ഫയലുകള്‍ പ്രചരിക്കുന്നത്. ഇത് ഓണ്‍ലൈന്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ഇത്തരം മാല്‍വെയറുകള്‍ ഡേറ്റ നശിപ്പിക്കാനും നെറ്റ്വര്‍ക്ക് തടയാനും പരിഷ്‌കരിക്കാനും പകര്‍ത്താനും കഴിവുള്ളവയാണ്. അതുപോലെ തന്നെ കംപ്യൂട്ടറുകളുടെയോ നെറ്റ്വര്‍ക്കുകളുടെയോ പ്രവര്‍ത്തനത്തില്‍ ഇടപെടാനും കഴിയും. ഒരു പ്രധാന വാര്‍ത്തയായി പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന കൊറോണ വൈറസ് ഇതിനകം തന്നെ സൈബര്‍ കുറ്റവാളികള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതുവരെ ഞങ്ങള്‍ പത്തോളം വ്യാജ മാല്‍വെയര്‍ ഫയലുകള്‍ കണ്ടെത്തിയെന്നും കാസ്പെര്‍സ്‌കി മാല്‍വെയര്‍ അനലിസ്റ്റ് ആന്റണ്‍ ഇവാനോവ് പ്രസ്താവനയില്‍ പറഞ്ഞു.

ചൈനയില്‍ പടര്‍ന്നുപിടിച്ച വൈറസ് ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയില്‍ മാത്രം ഇതുവരെ 213 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9,692 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

key words: coronavirus-enters-web-users-hacked-with-malicious-files

pathram:
Related Post
Leave a Comment