വാഹനാപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

കോട്ടയം എം.സി. റോഡിൽ കുറവിലങ്ങാട് കാളികാവിന് സമീപം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.

ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂർ ആൽത്തറവീട്ടിൽ തമ്പി (70), ഭാര്യ വത്സല, മരുമകൾ പ്രഭ, മകൻ വേളൂർ ഉള്ളത്തിൽപ്പടിയിൽ അർജുൻ പ്രവീൺ(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 12-നാണ് അപകടം. കോട്ടയം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയിൽ കുറവിലങ്ങാട് ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേയ്ക്കു കയറിയ കാറിനുള്ളിൽ യാത്രക്കാരായ അഞ്ചു പേരും കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ആദ്യം ആരെയും പുറത്തെടുക്കാനായില്ല.

തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഉടനെ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു. അവിടെവെച്ച് അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ.
അപകടത്തെ തുടർന്ന് അരമണിക്കൂറിലേറെ എം.സി.റോഡിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങളിൽനിന്ന് റോഡിൽവീണ ഓയിൽ അഗ്നിരക്ഷാസേന കഴുകിക്കളഞ്ഞു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

pathram desk 2:
Related Post
Leave a Comment