യാത്രയ്ക്കൊരുങ്ങാൻ നിർദേശം; വുഹാനിലെ ഇന്ത്യക്കാരെ ഇന്നുമുതല്‍ നാട്ടിലെത്തിക്കും

ന്യൂ‍ഡൽഹി: നോവല്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഇന്നുമുതല്‍ തിരിച്ചുകൊണ്ടുവരും. വുഹാനിലേക്കു വിമാനം അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. അറുന്നൂറോളം പേരാണു തിരിച്ചുവരാന്‍ താല്‍പര്യം അറിയിച്ച് ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുന്നത്.

ഇന്നു വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ ബോയിങ് 747 വിമാനം വുഹാനിലെത്തുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കൊരുങ്ങാന്‍ ഇന്നലെ വിദ്യാര്‍ഥികളടക്കമുളളവര്‍ക്ക് എംബസി നിര്‍ദേശം നല്‍കി. മടക്കയാത്രയ്ക്കുളള താല്‍പര്യപത്രവും മറ്റു രേഖകളും വിദേശകാര്യവകുപ്പ് തയാറാക്കി കഴിഞ്ഞു. വുഹാന് പുറമെ ഹുബെ പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലുളള ഇന്ത്യക്കാര്‍ക്കായി മറ്റൊരുവിമാനം കൂടി അയക്കുന്നുണ്ട്.

മടക്കിക്കൊണ്ടുവരുന്നവരെ എവിടേക്കാണ് എത്തിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഇവരെ എത്തിച്ച ശേഷം 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം മാത്രമെ പുറത്തുവിടുകയുളളുവെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മടക്കയാത്ര അടക്കമുള്ള നടപടികള്‍ സുഗമമാക്കാന്‍ ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി മൂന്നുഹോട്ട് ലൈനുകള്‍ സജ്ജമാക്കി. അതേസമയം ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന വിമാന ജോലിക്കാര്‍ക്കു മതിയായ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

pathram desk 2:
Leave a Comment