കൊച്ചി:യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ വിചാരണക്കോടതി സാക്ഷി വിസ്താരം തുടങ്ങി. നടൻ ദിലീപ്, മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) അടക്കം മുഴുവൻ പ്രതികളും ഇന്നലെ കോടതിയിൽ നേരിട്ടു ഹാജരായി.
കേസിലെ ഇരയും മുഖ്യസാക്ഷിയുമായ യുവനടിയുടെ വിസ്താരമാണ് ഇന്നലെ പ്രോസിക്യൂഷൻ ആരംഭിച്ചത്. ഈ ചീഫ് വിസ്താരം ഇന്നും തുടരും. അതിനു ശേഷം പ്രതിഭാഗം ക്രോസ് വിസ്താരം നടത്തും. ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ അടച്ചിട്ട കോടതി മുറിയിലാണു വനിതാ ജഡ്ജി ഹണി എം.വർഗീസ് സാക്ഷി വിസ്താരം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എ.സുരേശൻ ഹാജരായി.
ഇന്നലെ രാവിലെ 10.30നു മുഖ്യസാക്ഷി കോടതി മുറിയിലെത്തി. പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ എന്നിവരെ ജയിലിൽ നിന്നു കോടതിയിൽ എത്തിച്ചു. 10.50ന് എട്ടാം പ്രതി നടൻ ദിലീപ് കോടതിയിലെത്തി. 11.10നു കോടതി നടപടികൾ ആരംഭിച്ചു. ഉച്ചയ്ക്കു ശേഷം 4.35 ന് ആദ്യ ദിവസത്തെ നടപടികൾ അവസാനിച്ചു.
2017 ഫെബ്രുവരി 17നു രാത്രിയാണു യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. പിറ്റേന്ന് വനിതാ ഇൻസ്പെക്ടർ രാധാമണിയാണു പീഡനത്തിന് ഇരയായ നടിയുടെ മൊഴികൾ രേഖപ്പെടുത്തിയത്. ഈ മൊഴികൾ കോടതി ഇന്നലെ തെളിവായി സ്വീകരിച്ചു. പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കോടതി ഇന്നു പരിശോധിച്ചേക്കും. ഇതിന്റെ ഭാഗമായി കോടതി മുറിയിൽ മൊബൈൽ ഫോണുകൾ അനുവദിക്കില്ല. ആവശ്യമായ ദേഹപരിശോധനകൾക്കു ശേഷം മാത്രമേ കോടതിയിലേക്കു പ്രവേശനം അനുവദിക്കൂ.
ഏപ്രിൽ 7 വരെ തുടരുന്ന ആദ്യഘട്ട
വിസ്താരത്തിനായി 136 സാക്ഷികളെ വിളിച്ചു വരുത്തും. മൊത്തം 359 പേരുടെ സാക്ഷിപ്പട്ടികയും 161 രേഖകളും 250 തൊണ്ടി മുതലുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന മറ്റു പ്രതികൾ.
പീഡനക്കേസുകളിൽ ആശങ്കയും പരിഭ്രമവുമില്ലാതെ ഇരകൾക്കു മൊഴി നൽകാൻ വേണ്ടിയാണു വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ(ഇൻ ക്യാമറ) നടത്തുന്നത്. ജഡ്ജി, കോടതി സ്റ്റാഫ്, പ്രോസിക്യൂട്ടർ, അന്വേഷണ ഉദ്യോഗസ്ഥൻ, പ്രതികൾ, പ്രതിഭാഗം അഭിഭാഷകൻ എന്നിവർക്കാണു പ്രവേശനം അനുവദിക്കുക. ഇന്നലെ 10 പ്രതികൾക്കു വേണ്ടി 31 അഭിഭാഷകർ കോടതി മുറിയിൽ കടന്നു. ഇതിൽ 13 അഭിഭാഷകർ പ്രതി ദിലീപിനു വേണ്ടി ഹാജരായവരാണ്.
Leave a Comment