പൗരത്വം തെളിയിക്കാൻ പറയാൻ നരേന്ദ്ര മോദി ആരാണെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി എം പി. മോദി രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളർത്തി കൊള്ളയടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദിയും ഗോഡ്‌സേയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൽപറ്റയിൽ സംഘടിപ്പിച്ച ഭരണഘടനാ
സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഇന്ത്യൻ ആശയങ്ങളെ നരേന്ദ്രമോദി വെല്ലുവിളിക്കുകയാണ്. ഇന്ത്യക്കാർക്ക് ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. പൗരത്വം തെളിയിക്കാൻ പറയാൻ നരേന്ദ്ര മോദി ആരാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഇന്ത്യക്കെതിരെ ഇന്ത്യ യുദ്ധം ചെയ്യുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. യുവാക്കളുടെ ഭാവി ഇല്ലാതായി. വിശ്വാസത്തിന്റെ പേരിൽ ആളുകളെ തുറങ്കിലടയ്ക്കുന്ന അവസ്ഥയുണ്ടെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോംഗ് മാർച്ചിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

pathram:
Related Post
Leave a Comment