കോഹ്ലിയേക്കാള്‍ മികച്ചവര്‍ പാക്കിസ്ഥാനിലുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍നിന്ന് (ബിസിസിഐ) ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു ലഭിക്കുന്ന പിന്തുണയ്ക്കു സമാനമായ പിന്തുണ കിട്ടിയാല്‍ കോലിയേക്കാള്‍ മികച്ചവരായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ പാക്കിസ്ഥാനിലുണ്ടെന്ന് മുന്‍ പാക്ക് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്. പാക്കിസ്ഥാനിലെ ക്രിക്കറ്റ് സംവിധാനം തുടര്‍ച്ചയായി അവഗണിക്കുന്നതിനാല്‍ ഇത്തരം താരങ്ങള്‍ എങ്ങുമെത്താതെ പോകുകയാണെന്നും റസാഖ് അഭിപ്രായപ്പെട്ടു. ബിസിസിഐയില്‍നിന്ന് ലഭിക്കുന്ന ഉറച്ച പിന്തുണയാണ് കോലിയുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിനു കാരണമെന്നും റസാഖ് ചൂണ്ടിക്കാട്ടി.

‘വിരാട് കോലിയേക്കാള്‍ മികച്ച താരങ്ങളായി വളരാന്‍ കെല്‍പ്പുള്ളവര്‍ പാക്കിസ്ഥാനിലുണ്ടെന്ന് തീര്‍ച്ചയാണ്. പക്ഷേ, ഞങ്ങളുടെ ക്രിക്കറ്റ് സംവിധാനത്തിന്റെ പിടിപ്പുകേടുകൊണ്ട് അവര്‍ അവഗണിക്കപ്പെടുകയാണ്. ബിസിസിഐയില്‍നിന്ന് ലഭിക്കുന്ന പിന്തുണയില്‍നിന്ന് ആത്മവിശ്വാസമാര്‍ജിച്ചാണ് കോലിയുടെ കളി. സ്വതസിദ്ധമായ പ്രതിഭ കൂടിയുള്ളതിനാല്‍ ബോര്‍ഡിന്റെ വിശ്വാസത്തോട് നീതിപുലര്‍ത്താന്‍ കോലിക്ക് സാധിക്കുന്നുവെന്നതാണ് സത്യം’ റസാഖ് പറഞ്ഞു.

കോലി വളരെ മികച്ച താരമാണെങ്കിലും ബിസിസിഐയില്‍നിന്ന് ലഭിക്കുന്ന ഉറച്ച പിന്തുണയും അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനു പിന്നിലുണ്ടെന്ന് റസാഖ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വളരെയധികം ഭാഗ്യം ചെയ്ത കളിക്കാരനാണ് കോലി. കാരണം അത്രയേറെ പിന്തുണയാണ് കോലിക്ക് ബിസിസിഐയില്‍നിന്ന് കിട്ടുന്നത്. ഇത്തരം വിശ്വാസം ഏതു കളിക്കാരന്റെയും വിജയത്തില്‍ പ്രധാനമാണെന്നും റസാഖ് പറഞ്ഞു.

നേരത്തെ, ഇന്ത്യന്‍ പേസ് ബോളര്‍ ജസ്പ്രീത് ബുമ്ര വെറും ‘ശിശു’വാണെന്ന പരാമര്‍ശവുമായും റസാഖ് വിവാദം സൃഷ്ടിച്ചിരുന്നു. ‘കളത്തില്‍ സജീവമായിരുന്ന കാലത്ത് ലോകോത്തര ബോളര്‍മാരെയാണ് ഞാന്‍ നേരിട്ടിരുന്നത്. ആ സ്ഥിതിക്ക് ഇപ്പോഴത്തെ ബുമ്രയുടെയൊക്കെ പന്തുകള്‍ ഒരു വെല്ലുവിളി പോലുമല്ല. എനിക്കെതിരെ പന്തെറിയുമ്പോള്‍ തീര്‍ച്ചയായും സമ്മര്‍ദ്ദം ബുമ്രയ്ക്കു തന്നെയായിരിക്കും’ റസാഖ് അവകാശപ്പെട്ടിരുന്നു.

pathram:
Related Post
Leave a Comment