സച്ചിനെ പുറത്താക്കി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കായിക വികസനവുമായി ബന്ധപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശക സമിതിയില്‍നിന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും ചെസ് താരം വിശ്വനാഥന്‍ ആനന്ദും പുറാക്കി. നയരൂപീകരണങ്ങളില്‍ സഹായിക്കുന്നതിന് വേണ്ടി രൂപീകരിച്ച സമിതിയില്‍ നിന്നാണ് ഇരുവരും പുറത്തായത്. അതേസമയം ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, കെ. ശ്രീകാന്ത് തുടങ്ങിയവരെ സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ 2015ലാണ് കായിക മേഖലയുടെ ഉന്നമനത്തിനായി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് സ്‌പോര്‍ട്‌സ് (എഐസിഎസ്) എന്ന പേരില്‍ ഉപദേശക സമിതി രൂപീകരിച്ചത്. അന്ന് കായിക മന്ത്രിയായിരുന്ന സര്‍ബാനന്ദ സോനോബാളാണ് സമിതിയുടെ രൂപീകരണത്തിന് മുന്‍കൈ എടുത്തത്.

2015 മുതല്‍ ഇക്കഴിഞ്ഞ മേയ് വരെ നീണ്ട സമിതിയുടെ കാലയളവിലാണ് സച്ചിനും ആനന്ദും ഉള്‍പ്പെടെയുള്ളവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നത്. രാജ്യസഭാ എംപി കൂടിയായ സച്ചിനെയും ആനന്ദിനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും സുപ്രധാന യോഗങ്ങളില്‍നിന്ന് ഇരുവരും സ്ഥിരമായി അപ്രത്യക്ഷരാകുന്ന സാഹചര്യത്തിലാണ് ഒഴിവാക്കിയതെന്നാണ് സൂചന. സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും മറ്റു തിരക്കുകളുമായി ഇപ്പോഴും സജീവമാണ് സച്ചിന്‍. ആനന്ദ് ആകട്ടെ ഇപ്പോഴും സജീവ ചെസ്സിലും നിതാന്ത സാന്നിധ്യമാണ്. ഇരുവരുടെയും തിരക്കു കൂടി പരിഗണിച്ചാണ് സമിതിയില്‍നിന്ന് തഴഞ്ഞതെന്നാണ് വിവരം. ഇരുവരെയും സമിതിയില്‍നിന്നു നീക്കിയതിനു പുറമെ 27 അംഗസമിതിയുടെ അംഗബലം 18 ആക്കി ചുരുക്കുകയും ചെയ്തു.

സച്ചിനും ആനന്ദിനും പുറമെ ബാഡ്മിന്റന്‍ പരിശീലന്‍ പുല്ലേല ഗോപീചന്ദ്, മുന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ എന്നിവരെയും സമിതിയില്‍നിന്ന് ഒഴിവാക്കി. ടോക്കിയോ ഒളിംപിക്‌സ് അടുത്തുവരുന്ന സാഹചര്യത്തില്‍ തിരക്കു പരിഗണിച്ചാണ് ഗോപീചന്ദിനെ ഒഴിവാക്കിയത്. അതേസമയം, ബൂട്ടിയയെ ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല. ഇടക്കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബൂട്ടിയ പിന്നീട് പാര്‍ട്ടി വിടുകയും പുതിയ പാര്‍ട്ടിക്കു രൂപം നല്‍കുകയും ചെയ്തിരുന്നു.

ഹര്‍ഭജന്‍ സിങ്, കെ. ശ്രീകാന്ത് തുടങ്ങിയവര്‍ക്കു പുറമെ പുതുതായി സമിതിയില്‍ ഉള്‍പ്പെട്ടവര്‍ ഇവരാണ്; ലിംബ റാം (അമ്പെയ്ത്ത്), പി.ടി. ഉഷ (അത്ലറ്റിക്‌സ്), ബച്ചേന്ദ്രി പാല്‍ (മൗണ്ടനീറിങ്), ദീപ മാലിക് (പാരാ അത്ലീറ്റ്), അഞ്ജലി ഭഗവത് (ഷൂട്ടിങ്), റെനഡി സിങ് (ഫുട്‌ബോള്‍), യോഗേശ്വര്‍ ദത്ത് (ഗുസ്തി)

pathram:
Leave a Comment