ഇത് പുതിയ സംഭവമല്ല; ചീഫ് സെക്രട്ടറി വിശദീകരിച്ചു; ഗവര്‍ണര്‍ അടങ്ങി; കൂടിക്കാഴ്ച അടച്ചിട്ട മുറിയില്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് കൂടിക്കാഴ്ച നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ ഗവര്‍ണര്‍ കഴിഞ്ഞദിവസം സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാജ്ഭവനിലെ അടച്ചിട്ട മുറിയില്‍ ചീഫ് സെക്രട്ടറി-ഗവര്‍ണര്‍ കൂടിക്കാഴ്ച നടന്നത്.

20 മിനുട്ടോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ വാക്കാലുള്ള മറുപടിയാണ് ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് നല്‍കിയതെന്നാണ് സൂചന. സുപ്രീം കോടതിയെ സമീപിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കേന്ദ്ര നിയമങ്ങള്‍ക്കെതിരെ ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഗവര്‍ണറെ അവഗണിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്

സംസ്ഥാന സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനു വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിക്കുന്ന നടപടികള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാരെ അറിയിച്ചിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഗവര്‍ണര്‍ വിശദീകരണത്തില്‍ തൃപ്തനാണെന്നാണ് സൂചന.

pathram:
Related Post
Leave a Comment