ഇന്ത്യയ്ക്ക് കനത്ത പരാജയം; ഓസ്‌ട്രേലിയ ജയിച്ചത് 10 വിക്കറ്റിന്

മുംബൈ: ബൗളര്‍മാര്‍ നിരാശരാക്കിയ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കനത്ത പരാജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പതറിയപ്പോള്‍ ഓസ്ട്രേലിയയുടെ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് താണ്ഡവമാടി. ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഇന്ത്യ നേടിയ 255 റണ്‍ ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടമാകാതെ 13.2 ഓവര്‍ ബാക്കി നിര്‍ത്തി മറികടന്നു. വാര്‍ണര്‍ തന്റെ ഏകദിന കരിയറിലെ 18-ാം സെഞ്ചുറിയും ഫിഞ്ച് 16-ാം സെഞ്ചുറിയും കരസ്ഥമാക്കി.

112 പന്തില്‍ നിന്ന 17 ഫോറുകളുടേയും മൂന്ന് സികസ്റുകളുടേയും അകമ്പടിയില്‍ വാര്‍ണര്‍ 128 റണ്ണടിച്ചപ്പോള്‍ 114 പന്തില്‍ നിന്ന് ഫിഞ്ച് 13 ഫോറുകളും രണ്ട് സിക്സറുകളും പറത്തി 110 റണ്‍സ് നേടി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 255-ന് എല്ലാവരും പുറത്താകുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന് (74) മാത്രമാണ് കാര്യമായ പ്രകടനം കാഴ്ച വെക്കാനായത്.

ശിഖര്‍ ധവാന്‍ 91 പന്തില്‍ 74 റണ്‍സ് നേടിയപ്പോള്‍ മൂന്നാമതായി ഇറങ്ങിയ കെ.എല്‍ രാഹുല്‍ 47 റണ്‍സടിച്ചു. വിരാട് കോലി 16 റണ്‍സിന് പുറത്തായി. 10 റണ്‍ മാത്രമെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.

ഒരു ഘട്ടത്തില്‍ ഒന്നിന് 134 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യക്ക് 30 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. ഇതോടെ അഞ്ചിന് 164 റണ്‍സെന്ന നിലയിലായി ഇന്ത്യ. രണ്ടാം വിക്കറ്റില്‍ കെഎല്‍ രാഹുലും ശിഖര്‍ ധവാനും ഇന്ത്യക്കായി മികച്ച കൂട്ടുകെട്ടുണ്ടാക്കി. 121 റണ്‍സാണ് ഇരുവരും പടുത്തുയര്‍ത്തിയത്. മധ്യനിരയില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. 15 പന്തില്‍ 17 റണ്‍ എടുത്ത് നില്‍ക്കെ അവസാന വിക്കറ്റില്‍ കുല്‍ദീപ് യാദവിനെ റണ്‍ഔട്ടാക്കുകയായിരുന്നു. സ്റ്റാര്‍ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കുമ്മിന്‍സും റിച്ചാര്‍ഡ്സണും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

ബാറ്റിങിനിടെ കുമ്മിന്‍സിന്റെ പന്ത് ഹെല്‍മറ്റില്‍ കൊണ്ടതിനെ തുടര്‍ന്ന് ഋഷഭ് പന്ത് ഫീല്‍ഡിങിനിറങ്ങിയില്ല. പകരം കെ.എല്‍.രാഹുലാണ് വിക്കറ്റിന് പിന്നില്‍ നിന്നത്. മനീഷ് പാണ്ഡെ പന്തിന് പകരം ഫീല്‍ഡിങിനിറങ്ങി. പന്ത് നിരീക്ഷണത്തിലാണെന്ന് ബിസിസിഐ അറിയിച്ചു.

pathram:
Related Post
Leave a Comment