സംഘർഷം ഉണ്ടാക്കിയത് കർണാടക സർക്കാർ ?

പൗരത്വ നിയമത്തിനെതിരായ സമരത്തിനിടെ മംഗളൂരുവിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടു പേർ മരിക്കാനിടയായ വെടിവയ്പും കർണാടക സർക്കാർ ആസൂത്രണം ചെയ്തതാണെന്നു യുഡിഎഫ് നേതാക്കൾ ആരോപിച്ചു. വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകളും പരുക്കേറ്റ് ആശുപത്രിയിലുള്ളവരെയും സന്ദർശിക്കുകയായിരുന്നു യുഡിഎഫ് പ്രതിനിധി സംഘം. പത്തോളം പേർ ഗുരുതരാവസ്ഥയിലാണെന്നു നേതാക്കൾ പറഞ്ഞു.

മലയാളികളാണു മംഗളൂരുവിൽ അക്രമം നടത്തിയതെന്നു പ്രചരിപ്പിച്ച് മുതലെടുപ്പിനാണു കർണാടക സർക്കാർ ശ്രമിക്കുന്നതെന്നും യുഡിഎഫ് പ്രതിനിധി സംഘത്തിനു നേതൃത്വം നൽകിയ കെ.സുധാകരൻ എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവർ പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം വേണമെന്നും യുഡിഎഫ് സംഘം ആവശ്യപ്പെട്ടു.

മലയാള മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ എഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർ ക്ഷമാപണം നടത്തിയതായി ജനപ്രതിനിധികൾ പറഞ്ഞു. വർഗീയ കലാപത്തിലേക്കു പോകാതിരിക്കാനാണു നടപടി സ്വീകരിച്ചതെന്നാണു പൊലീസിന്റെ വിശദീകരണം. ദക്ഷിണേന്ത്യയിൽ പ്രതിഷേധമില്ലാത്ത ഏകസംസ്ഥാനം കർണാടകമാണെന്നു വരുത്തിത്തീർക്കാനാണു പ്രതിഷേധം അടിച്ചമർത്തുകയെന്ന ഹിഡൻ അജണ്ട പൊലീസും ഭരണകൂടവും നടപ്പാക്കിയതെന്നും യുഡിഎഫ് പ്രതിനിധി സംഘം കുറ്റപ്പെടുത്തി.

മംഗളൂരു ∙പൗരത്വ നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന സംഘർഷത്തിലും പൊലീസ് വെടിവയ്പിലും മുഖ്യമന്ത്രി യെഡിയൂരപ്പ സിഐ‍ഡി അന്വേഷണവും മജിസ്ട്രേട്ട്തല‍ അന്വേഷണവും പ്രഖ്യാപിച്ചു. എന്നാൽ വെടിവയ്പിൽ പൊലീസ് ഉൾപ്പെട്ടതിനാൽ സിഐഡി അന്വേഷണത്തിൽ കാര്യമില്ലെന്നും ജുഡീഷ്യൽ അന്വേഷണമാണു വേണ്ടതെന്നും മംഗളൂരു സന്ദർശിച്ച പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു

pathram desk 2:
Related Post
Leave a Comment