മുസ്ലീങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൂടേ.? ചോദിക്കുന്നത് ബിജെപി നേതാവ്

രാജ്യം ഇന്നുവരെ കാണാത്തരീതിയിലുള്ള പ്രക്ഷോഭങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുവരുന്നത്. ഇതിനിടെ ബിജെപിയിലും എന്‍ഡിഎ ഘടക കക്ഷികളില്‍നിന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബില്ലില്‍ മുസ്ലീങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൂടേ എന്നാണ് ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് ചോദിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനു മതവുമായി ബന്ധമില്ലെങ്കില്‍ ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി, ജെയിന്‍, ബുദ്ധ എന്ന് എന്തിനാണ് എടുത്തു പറയുന്നതെന്നും എന്തുകൊണ്ടു മുസ്ലിംകളെ ഉള്‍പ്പെടുത്തിയില്ലെന്നും ബോസ് ചോദിക്കുന്നു. നിയമത്തില്‍ സുതാര്യത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാജിയുടെ ബന്ധുകൂടിയായ ചന്ദ്രകുമാര്‍ ബോസ് ട്വിറ്ററിലാണ് നിലപാട് വ്യക്തമാക്കിയത്.

പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാനും നിയമം കൊണ്ടുവന്നതിന് കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കാനും ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ നേതൃത്വത്തില്‍ ഇന്നലെ കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചന്ദ്രകുമാര്‍ ബോസിന്റെ അഭിപ്രായപ്രകടനം.

ദേശീയ പൗരത്വ റജിസ്റ്റര്‍ ഉടന്‍ നടപ്പാക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചതായും സൂചനയുണ്ട്. ധൃതി പിടിച്ച് എന്‍ആര്‍സി നടപ്പാക്കും എന്ന പ്രതീതി ഒഴിവാക്കാനാണ് പാര്‍ട്ടി ശ്രമം. എന്‍ആര്‍സി രാജ്യമാകെ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തിരുത്തിപ്പറഞ്ഞത് ഇതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ നടത്തിയ പ്രഖ്യാപനമാണ് ഡല്‍ഹി രാംലീല മൈതാനത്തെ റാലിയില്‍ മോദി തിരുത്തിയത്. എന്‍ആര്‍സിയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് കള്ളമാണെന്നും ഇത്തരമൊരു കാര്യം ആലോചിച്ചിട്ടില്ലെന്നുമാണ് മോദി പറഞ്ഞത്. എന്‍ഡിഎ ഘടകകക്ഷികളിലും ബിജെപിക്കുള്ളിലും ഉയരുന്ന എതിര്‍പ്പാണ് ഇതിനു കാരണം.

pathram desk 2:
Related Post
Leave a Comment