എല്ലാറ്റിനും മാപ്പ്; ആരെയും വേദനിപ്പിക്കണമെന്ന് കരുതിയിട്ടല്ല; മനസ് തുറന്ന് മാപ്പ് പറഞ്ഞ് ഷെയ്ന്‍

വിവാദവിഷയങ്ങളില്‍ മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. ആരെയും വേദനിപ്പിക്കാന്‍ മനഃപൂര്‍വം ഒന്നും പറഞ്ഞിട്ടില്ല. ഓരോ സാഹചര്യങ്ങള്‍ അനുസരിച്ച് പ്രതികരിച്ചതാണ്. താന്‍ കാരണം വേദനിച്ചവരോട് മാപ്പ് ചോദിക്കുന്നതായും ഷെയ്ന്‍ പറഞ്ഞു. ഫ്ളവേഴ്സ് കോമഡി ഉത്സവത്തിന്റെ 500 -ാം എപ്പിസോഡിനിടെയായിരുന്നു ഷെയ്ന്റെ പ്രതികരണം.

ഞാനൊരിക്കലും ആരെയും വേദനിപ്പിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. എന്റെ അപ്പോഴത്തെ അവസ്ഥയില്‍ പ്രതികരിച്ചതാണ്. കുറെനാള്‍ ഞാന്‍ ഒന്നിനും പ്രതിഷേധിച്ചിരുന്നില്ല. അതുകൊണ്ട് ഒരുപാട് പ്രശ്നങ്ങളില്‍ മാനസികമായി പല ബുദ്ധിമുട്ടുകളിലും പെട്ടിട്ടുണ്ട്. ഒരു തവണയെങ്കില്‍ ഒരു തവണ അന്തസായിട്ട് മനസില്‍ തോന്നിയത് ചെയ്യട്ടെ എന്ന് കരുതി ചെയ്തതാണ്. അതിലൊരുപാട് പേര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. ഇത് കാരണം വേദനിച്ച എല്ലാ മനുഷ്യരോടും ഈ വേദിയില്‍ മാപ്പ് പറയുകയാണെന്നും ഷെയ്ന്‍ പറഞ്ഞു.

ഷെയ്ന്‍ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഷെയ്ന്‍ നിഗം പരസ്യമായി മാപ്പ് പറയണമെന്നും നിര്‍മാതാവ് സുരേഷ് കുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അമ്മ സംഘടനയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ഷെയ്ന്‍ മുടങ്ങിയ സിനിമകള്‍ അഭിനയിച്ച് തീര്‍ക്കട്ടെയെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടന കഴിഞ്ഞദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.

pathram:
Related Post
Leave a Comment