തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ രക്ഷപെടുത്താന്‍ അവസാനത്തെ അടവ് പ്രയോഗിക്കുകയാണ്. ഗതാഗത കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായി ടോമിന്‍ ജെ.തച്ചങ്കരിയെ വീണ്ടും നിയമിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച കൂടിയാലോചന സി.പി.എം. ഉന്നത നേതൃത്വത്തില്‍ നടന്നതായി സൂചന. കെ.എസ്.ആര്‍.ടി.സിക്കൊപ്പം തച്ചങ്കരി ക്രൈംബ്രാഞ്ചിലും തുടര്‍ന്നേക്കും. സി.ഐ.ടി.യു. നേതാക്കളുടെ പൂര്‍ണ സമ്മതം വാങ്ങിയശേഷമായിരിക്കും തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സിയില്‍ നിയമിക്കുക. തന്നെ എം.ഡിയാക്കിയാല്‍ പുഷ്പംപോലെ ഗതാഗത കോര്‍പ്പറേഷന്റെ നഷ്ടം നികത്തുമെന്ന് തച്ചങ്കരി പറഞ്ഞു.
നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ വിവിധ കര്‍മ്മപരിപാടികളുമായി രംഗത്തെത്തിയ തച്ചങ്കരിക്കെതിരെ സി.ഐ.ടി.യു അടക്കമുള്ള യൂണിയനുകള്‍ രംഗത്തു വന്നിരുന്നു. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വിവാദത്തിലാണ് ഇടതു യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദത്തില്‍ തച്ചങ്കരിയെ ഒഴിവാക്കിയത്. ഇവരെ പിരിച്ചുവിടുന്നതിന് ഇടയാക്കിയത് തച്ചങ്കരിയുടെ നടപടിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായിരുന്ന എം.പി ദിനേശിനാണ് പകരം ചുമതല കൊടുത്തത്.
കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു അടക്കമുള്ള ഭരണാനുകൂല സംഘടനകളും പ്രതിപക്ഷ സംഘടനകളും ഒന്നടങ്കം സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരമാരംഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ തേടി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ സി.പി.എം നേതാക്കള്‍ക്ക് മുന്നിലെത്തിയിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ എ.കെ. ശശീന്ദ്രന്‍ നേരില്‍ കണ്ട് കത്ത് നല്‍കി.
കഴിഞ്ഞ ദിവസമാണ് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീംതച്ചങ്കരിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നും ലാഭത്തിലാക്കിയെന്ന മുന്‍ എം.ഡി ടോമിന്‍.ജെ. തച്ചങ്കരിയുടെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്നും ഇത്തരം ഭ്രാന്തന്മാരാണ് കോര്‍പ്പറേഷനില്‍ പ്രതിസന്ധിയുണ്ടാക്കുന്നതെന്നുമാണ് കരീം കഴിഞ്ഞ ദിവസം പറഞ്ഞത്.
മുഖ്യമന്ത്രിയെ പോലും കോര്‍പ്പറേഷന്‍ ലാഭത്തിലാണെന്നു പറഞ്ഞു പറ്റിച്ചു, വരുമാനത്തില്‍ നിന്ന് ശമ്പളം കൊടുത്തപ്പോഴും ബാക്കിയെല്ലാം കടത്തിലായിരുന്നു, ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങളാണ്. യൂണിയനുകള്‍ ഇടപെട്ടിട്ടല്ല തച്ചങ്കരിയെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Leave a Comment