സല്‍മാനെ കീഴടക്കി കോഹ്ലി; മോഹന്‍ലാല്‍ 27; മമ്മൂട്ടി 62

2019 ലെ കായിക, വിനോദ മേഖലകളില്‍ നിന്നുള്ള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ കൊല്ലത്തെ പട്ടികയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പട്ടികയില്‍ ക്രിക്കറ്റ് താരം വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. മലയാളികളുടെ പ്രിയതാരങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും പട്ടികയിലുണ്ട്. മോഹന്‍ലാല്‍ 27-ാം സ്ഥാനത്തും മമ്മൂട്ടി 62-ാം സ്ഥാനത്തുമാണുള്ളത്. 2016 മുതല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന സല്‍മാന്‍ ഖാന്‍ ഇക്കൊല്ലം മൂന്നാം സ്ഥാനത്തേക്ക് താണു.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് രജനീകാന്ത്, എ.ആര്‍ റഹ്മാന്‍, ധനുഷ്, വിജയ്, കമല്‍ഹാസന്‍, പ്രഭാസ്, സംവിധായകന്‍ ഷങ്കര്‍, മഹേഷ് ബാബു, സൈന നേവാള്‍, പി.വി സിന്ധു എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. രജനീകാന്ത് 13 -ാം സ്ഥാനത്തും റഹ്മാന്‍ 17 -ാമതും സ്ഥാനത്തുമാണുള്ളത്. പാതി മലയാളിയായ നടന്‍ ജോണ്‍ അബ്രാഹം 46 ാം സ്ഥാനത്തുമുണ്ട്.

293.25 കോടി രൂപ വാര്‍ഷിക വരുമാനം ഉണ്ടെങ്കിലും അക്ഷയ് കുമാര്‍ 252.72 കോടി രൂപ വരുമാനം നേടിയ വിരാട് കോലിയ്ക്ക് പിന്നിലായാണ് പട്ടികയില്‍ ഇടം പിടിച്ചത്. 2018 ഒക്ടോബര്‍ ഒന്ന് മുതല്‍ 2019 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ താരങ്ങള്‍ നേടുന്ന പ്രതിഫലവും താരമൂല്യവും അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമുള്ള പ്രശസ്തിയും വരുമാനവുമാണ് പട്ടികയില്‍ താരങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നത്.

അക്ഷയ് കുമാര്‍ രണ്ടാം സ്ഥാനത്തും അമിതാബ് ബച്ചന്‍, എംഎസ് ധോണി, ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിങ് എന്നിവര്‍ യഥാക്രമം നാല്. അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിലുമുണ്ട്. ആലിയഭട്ട് പട്ടികയില്‍ എട്ടാം സ്ഥാനത്തും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒമ്പതാം സ്ഥാനത്തും ദീപിക പത്താം സ്ഥാനത്തുമാണ്. ആലിയയും ദീപികയും ആദ്യമായാണ് പട്ടികയില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം നേടുന്നത്.

കഴിഞ്ഞ കൊല്ലത്തെ പട്ടികയില്‍ 49 -ാം സ്ഥാനത്തായിരുന്ന പ്രിയങ്ക ചോപ്ര ഇത്തവണ പതിനാലാം സ്ഥാനത്തെത്തി. കോലിയുടെ ഭാര്യയും സിനിമാതാരവുമായ അനുഷ്‌ക ശര്‍മ 21 -ാം സ്ഥാനത്തുണ്ട്. സാറ അലിഖാന്‍, ദിശ പട്ടാനി, കൃതി സനോന്‍ എന്നിവര്‍ ആദ്യമായി പട്ടികയില്‍ സ്ഥാനം നേടി. ടെലിവിഷന്‍ താരങ്ങളായ ദിവ്യാംഗ തൃപാഠി, കരണ്‍ കുണ്ഡ്ര, കപില്‍ ശര്‍മ തുടങ്ങിയവരും പട്ടികയിലുണ്ട്.

pathram:
Related Post
Leave a Comment