ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 241 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. രണ്ടാം ദിനം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്ത ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 89.4 ഓവറാണ് ഇന്ത്യ ബാറ്റ് ചെയ്തത്. നാലാമത്തെ പന്തിനുശേഷം കോലി ക്രീസിലുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹയെയും മുഹമ്മദ് ഷമിയെയും തിരിച്ചുവിളിക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശിന്റെ ബാറ്റിങ് തകര്‍ച്ചയാണ് തുടക്കം തന്നെ കാണാനായത്. രണ്ടു റണ്‍സിനിടെ ബംഗ്ലദേശിന് രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഷദ്മാന്‍ ഇസ്‌ലാം (0), ക്യാപ്റ്റന്‍ മോമിനുല്‍ ഹഖ് (0) എന്നിവരാണ് പുറത്തായത്. ഇഷാന്ത് ശര്‍മയ്ക്കാണ് രണ്ടു വിക്കറ്റും. ഒന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഇസ്ലാമിനെ എല്‍ബിയില്‍ കുരുക്കിയ ഇഷാന്ത്, മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ മോമിനുലിനെ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. മൂന്ന് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ നാലു റണ്‍സ് എന്ന നിലയിലാണ് ബംഗ്ലദേശ്. ഇമ്രുല്‍ കയേസ് (രണ്ട്), മുഹമ്മദ് മിഥുന്‍ (രണ്ട്) എന്നിവര്‍ ക്രീസില്‍. എട്ടു വിക്കറ്റ് കയ്യിലിരിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലദേശിന് 237 റണ്‍സ് കൂടി വേണം.
തുടക്കത്തില്‍ ഒന്ന് പതറിപ്പോയ ഇന്ത്യയെ പിന്നീട് സെഞ്ച്വറിയോടെ ക്യാപ്റ്റന്‍ കോലിയും അര്‍ധസെഞ്ച്വറികള്‍ കൊണ്ട് ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും കരകയറ്റിയെങ്കിലും വാലറ്റത്ത് വീണ്ടും കാലിടറി. അവസാന മൂന്ന് ഓവറുകളില്‍ മൂന്ന് വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു ഇന്ത്യ. ആര്‍. അശ്വിന്‍ (9), ഉമേഷ് യാദവ് (0) ഇശാന്ത് ശര്‍മ (0) എന്നിവരാണ് തൊട്ടടുത്ത ഓവറുകളില്‍ പുറത്തായത്. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ സാഹ 17 ഉം ഷമി 10 ഉം റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു.
194 പന്തില്‍ നിന്ന് 136 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. 18 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോലിയുടെ ടെസ്റ്റ് കരിയറിലെ 27-ാം സെഞ്ചുറി സ്വന്തമാക്കിയത്.
രണ്ടാംദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. അര്‍ധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെ (51) വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 99 റണ്‍സ് ചേര്‍ത്ത ശേഷമാണ് രഹാനെ മടങ്ങിയത്. പിന്നീട് രവീന്ദ്ര ജഡേജയെ (12) നിലയുറപ്പിക്കും മുമ്പ് അബു ജയെദ് തിരിച്ചയച്ചു. ആറാമനായി കോലിയും ക്രീസ് വിട്ടു. പിന്നീടാണ് അഞ്ചോവറിനുശേഷം വിക്കറ്റുകളുടെ കൂട്ടവീഴ്ചയുണ്ടായത്.
നേരത്തെ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും (14) രോഹിത് ശര്‍മയും (21) പുറത്തായ ശേഷം ഒത്തു ചേര്‍ന്ന വിരാട് കോലി – ചേതേശ്വര്‍ പൂജാര കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റില്‍ ഈ സഖ്യം 94 റണ്‍സ് ചേര്‍ത്തു. പൂജാര അര്‍ധ സെഞ്ചുറി (55) നേടി പുറത്തായി.
വ്യക്തിഗത സ്‌കോര്‍ 32-ല്‍ എത്തിയപ്പോള്‍ വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരവും ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരവും കോലിയാണ്.
നേരത്തെ ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 106 റണ്‍സിന് അവസാനിച്ചിരുന്നു. ഇഷാന്ത് ശര്‍മ്മ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റെടുത്തു.
Leave a Comment