ശബരിമലയില്‍ കയറിയതോടെ എനിക്ക് എല്ലാം നഷ്ടപ്പെട്ടു; പൊട്ടിക്കരഞ്ഞ് കനക ദുര്‍ഗ

സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് ശേഷം ശബരിമലയില്‍ കയറിയ കനക ദുര്‍ഗ ബിബിസി തമിഴ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞു. ശബരിമലയില്‍ പോയതിന് ശേഷം തനിക്ക് എല്ലാം നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് കനകദുര്‍ഗ പൊട്ടിക്കരഞ്ഞത്.

ശബരിമലയില്‍ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു. കുടുംബം ഇപ്പോള്‍ കൂടെയില്ല. ശബരിമലയില്‍ നിന്നെത്തിയ ശേഷം ഭര്‍ത്താവിന്റെ അമ്മ മര്‍ദ്ദിച്ചു. ദിവസങ്ങളോളം ചികിത്സയിലായിരുന്നു. കോടതി ഉത്തരവ് പ്രകാരം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവും മക്കളും വാടക വീട്ടിലേക്ക് മാറി. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് മക്കളെ കാണാന്‍ അനുവാദം. എന്നാല്‍, അതും സ്റ്റേയിലൂടെ ഭര്‍ത്താവ് തടഞ്ഞു. ഇപ്പോള്‍ കൂട്ടുകാര്‍ മാത്രമാണ് ആശ്രയം.

സ്ത്രീകളുടെ അവകാശത്തിനുള്ള പോരാട്ടമായിരുന്നു ശബരിമല പ്രവേശനം. എന്നാല്‍, തന്റെ അവസ്ഥ കണ്ട് ഇപ്പോള്‍ ശബരിമലക്ക് പോകാന്‍ തയ്യാറെടുത്തവര്‍ പോലും പിന്മാറി. ഈ വര്‍ഷം ശബരിമലയിലേക്ക് പോകാനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും കനകദുര്‍ഗ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് പൊലീസ് സുരക്ഷയില്‍ ബിന്ദു അമ്മിണിക്കൊപ്പം കനകദുര്‍ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. സംഭവത്തിന് ശേഷം കനകദുര്‍ഗയുടെ കുടുംബം അവരെ ബഹിഷ്‌കരിച്ചിരുന്നു. കോടതി വിധിയെ തുടര്‍ന്നാണ് വീട്ടില്‍ പ്രവേശിച്ചത്. സഹോദരന്‍ പരസ്യമായി കനകദുര്‍ഗക്കെതിരെ രംഗത്തെത്തിയിരുന്നു. സപ്ലൈകോ ജീവനക്കാരിയാണ് കനകദുര്‍ഗ.

pathram:
Related Post
Leave a Comment