എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കുമെന്ന് ധനകാര്യ മന്ത്രി

ന്യൂഡല്‍ഹി: പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ധനകാര്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നതെന്നാണ് മന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താത്പര്യം കാണിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശരിയായ സമയത്ത് ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും എല്ലാ മേഖലകളിലെ പ്രതിസന്ധികളും മറികടക്കും. വ്യവസായ പ്രമുഖര്‍ക്ക് അവരുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. പലരും പുതിയ നിക്ഷേപം ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

pathram:
Leave a Comment