ശിവസേന പിന്നില്‍ നിന്ന് കുത്തി; ബിജെപി വീണു

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും വഴിപിരിഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് നിലപാട് അറിയിച്ചു. ശിവസേനയുടെ പിന്തുണ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം സഖ്യത്തിന് ഇല്ലെന്ന് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു. മുന്നണിയായി മത്സരിച്ച ശേഷം ശിവസേന പിന്നില്‍ നിന്ന് കുത്തിയെന്ന് ഫഡ്നാവിസ് കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ബി.ജെ.പിയും ശിവസേനയും മുന്നണിയായാണ് മത്സരിച്ചത്. ബി.ജെ.പി-ശിവസേനാ സഖ്യത്തിന് അനുകൂലമായി ജനം വിധിയെഴുതി. എന്നാല്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനൊപ്പം ചേര്‍ന്ന് ജനവിധിയെ അപമാനിക്കാനാണ് ശിവസേനയുടെ താല്‍പ്പര്യം. അതാണ് അവരുടെ താല്‍പ്പര്യമെങ്കില്‍ ശിവസേനയ്ക്ക് ആശംസകള്‍ നേരുന്നുവെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട കോര്‍ കമ്മറ്റി യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്‍മാറാന്‍ ബി.ജെ.പി തീരുമാനിച്ചത്. ദേവേന്ദ്ര ഫഡ്നാവിന്റെ വസതിയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ തീരുമാനമായില്ല. തുടര്‍ന്ന് നാല് മണിക്ക് വീണ്ടും യോഗം ചേര്‍ന്നു. മഹാരാഷ്ട്രയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവ് ഭൂപേന്ദ്ര യാദവും യോഗത്തില്‍ പങ്കെടുത്തു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വീഡിയോ കോണ്‍ഫറണ്‍സിംഗ് വഴി ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിക്ക് മുമ്പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി നിര്‍ദ്ദേശിച്ചിരുന്നത്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനാണ് ബി.ജെ.പി കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനാ നിലപാടില്‍ തട്ടിയാണ് സഖ്യം വഴിപിരിയുന്നതിലേക്ക് തര്‍ക്കം രൂക്ഷമാക്കിയത്.

pathram:
Related Post
Leave a Comment