ഇരട്ടക്കൊലപാതകത്തില്‍ സിബിഐ വരാതിരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകനെ ഇറക്കി പിണറായി സര്‍ക്കാര്‍; ലക്ഷങ്ങള്‍ പ്രതിഫലം

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനെ കൊണ്ടുവന്നു. കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ഹാജരാകാന്‍ മുന്‍ സോളിസിറ്റര്‍ രഞ്ജിത്ത് കുമാറാണ് എത്തിയത്. ഇദ്ദേഹത്തിന് 25 ലക്ഷമാണ് സര്‍ക്കാര്‍ പ്രതിഫലം നല്‍കുക.

കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചതാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. കൃത്യത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കേസില്‍ എല്ലാ പ്രതികളെയും പിടികൂടിയതാണെന്നും ഗൂഢാലോചന അടക്കം മുഴുവന്‍ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതാണെന്നുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി പരിഗണിക്കുകയാണ്.

അപ്പീല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ‘നിഷ്പക്ഷവും സത്യസന്ധവുമായ വിചാരണയ്ക്ക് നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണവും ആവശ്യമാണ്’ എന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്. സിബിഐ അന്വേഷണത്തിന് സ്റ്റേ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ മറ്റൊരു ആവശ്യം.

അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ വാദിക്കാനായി കൊണ്ടുവരുന്നതായാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. 25 ലക്ഷത്തില്‍ അഞ്ച് ലക്ഷം രൂപ രഞ്ജിത്ത് കുമാറിന്റെ കണ്‍സള്‍ട്ടേഷന്‍ ഫീസാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ഇത്രയും ഉയര്‍ന്ന തുക ചെലവഴിക്കുന്നത്. എന്ത് വില കൊടുത്തും സിബിഐ അന്വേഷണം എതിര്‍ക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.

കഴിഞ്ഞ മാസം 30നായിരുന്നു പെരിയ കൊലപാതകക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിര്‍ദ്ദേശം. രണ്ട് യുവാക്കള്‍ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓര്‍മ്മിപ്പിച്ച കോടതി, കേസില്‍ ഗൗരവപൂര്‍ണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാല്‍ പോലും പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇത്രയും പ്രധാനമായ കേസില്‍ ഫോറന്‍സിക് സര്‍ജന്റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ല. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്ന് ചൂണ്ടിക്കാട്ടി. അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി. സാക്ഷികളെക്കാള്‍ പ്രതികളെയാണ് പൊലീസ് അന്വേഷണത്തില്‍ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് സിബിഐക്ക് വിട്ടത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.

കേസിലെ ഉന്നതതല ഗൂഡാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛന്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 ന് ആയിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment