ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 326 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 601-ന് എതിരേ ദക്ഷിണാഫ്രിക്ക 275 റണ്‍സിന് പുറത്തായി. ഇതോടെ ഒരു ഘട്ടത്തില്‍ എട്ടിന് 162 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഒമ്പതാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത കേശവ് മഹാരാജ് – വെര്‍നോണ്‍ ഫിലാന്‍ഡര്‍ സഖ്യമാണ് കരകയറ്റിയത്. 132 പന്തുകള്‍ നേരിട്ട കേശവ് മഹാരാജ് 12 ബൗണ്ടറികളടക്കം 72 റണ്‍സെടുത്തു. 192 പന്തുകള്‍ നേരിട്ട് ആറു ബൗണ്ടറികളോടെ 44 റണ്‍സെടുത്ത ഫിലാന്‍ഡര്‍ പുറത്താകാതെ നിന്നു.
ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (64), ത്യൂനിസ് ഡി ബ്രൂയിന്‍ (30), ക്വിന്റണ്‍ ഡിക്കോക്ക് (31) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ അല്‍പ്പമെങ്കിലും പ്രതിരോധിക്കാനായത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തു. ഷമി രണ്ടു വിക്കറ്റുകള്‍ നേടി.
ഡീന്‍ എല്‍ഗാര്‍ (6), എയ്ഡന്‍ മാര്‍ക്രം (0), ടെംബ ബവുമ (8), ആന്റിച്ച് നോര്‍ഹെ (3) എന്നിവര്‍ക്കൊന്നും ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറി മികവില്‍ ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
Leave a Comment