തിരുവനന്തപുരം: മരട് ഫ്ളാറ്റില്‍ ഒഴിപ്പിക്കല്‍ നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. പിന്നീട് ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കും. നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് സര്‍ക്കാരിന്റെ നടപടി. നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നിര്‍ദേശം നല്‍കി കഴിഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
മരടില്‍ പൊളിച്ചുമാറ്റുന്ന ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് ഇടക്കാലനഷ്ടപരിഹാരമായി നാലാഴ്ചയ്ക്കകം 25 ലക്ഷം രൂപ വീതം നല്‍കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഫ്ളാറ്റുടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം നിര്‍മാതാക്കളില്‍നിന്ന് സര്‍ക്കാരിന് ഈടാക്കാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഫ്ളാറ്റ് നിര്‍മാതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്‍ദേശിച്ചു.
Leave a Comment