ഒടുവില്‍ സര്‍ക്കാര്‍ വടിയെടുക്കുന്നു…!!! മരട് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് എട്ടിന്റെ പണികിട്ടും.., ക്രിമിനല്‍ കേസെടുക്കും, ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കണം…

തിരുവനന്തപുരം: മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഫ്ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മാതാക്കളില്‍നിന്ന് ഈടാക്കി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുനരധിവാസം നടപ്പാക്കാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

മരട് ഫ്ളാറ്റ് വിഷയം പ്രധാന അജണ്ടയായിരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ് കോടതി നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ നടന്ന ഓരോകാര്യങ്ങളും അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. മൂന്നുമാസത്തിനകം ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള കര്‍മ്മപദ്ധതിയും ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു.

ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള വിധി പൂര്‍ണമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യക്കുറവുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നെങ്കിലും അതിന് കോടതി വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കഴിഞ്ഞദിവസം മരട് കേസ് പരിഗണിക്കുന്നതിനിടെ ചീഫ് സെക്രട്ടറിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്രദിവസം വേണ്ടിവരുമെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

pathram:
Leave a Comment