തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് സ്ഥാനാര്‍ഥിയാകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രശാന്തിന്റെ പേര് സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ മുതിര്‍ന്ന നേതാക്കള്‍ വി.കെ പ്രശാന്തുമായി സംസാരിച്ചു. മത്സരിക്കാന്‍ തയ്യാറെടുത്തുകൊള്ളാനുള്ള നിര്‍ദേശം നല്‍കിയതായാണ് വിവരം.
സാമുദായികസമവാക്യങ്ങള്‍ മാറ്റിവച്ച് മികച്ച സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് പരീക്ഷണത്തിന് സിപിഎം തീരുമാനിക്കുകയായിരുന്നു. നായര്‍ സമുദായത്തില്‍പ്പെട്ടവര്‍ 42 ശതമാനമുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രതിച്ഛായയും പ്രളയകാലത്ത് സഹായങ്ങള്‍ ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങിയതും യുവജനങ്ങള്‍ക്കിടയില്‍ ഉള്ള സ്വീകാര്യതയും കണക്കുകൂട്ടിയാണ് ജാതിസമവാക്യങ്ങള്‍ മാറ്റിവച്ച് പ്രശാന്തിലേക്ക് പാര്‍ട്ടി എത്തിയത്.
ആദ്യ ഘട്ടത്തില്‍ ജില്ലാ കമ്മിറ്റിയില്‍ പ്രശാന്തിന്റെ പേരില്ലായിരുന്നുവെങ്കിലും രണ്ട് ദിവസം മുമ്പ് സംസ്ഥാന നേതൃത്വം തന്നെയാണ് ഈ പേര് ചര്‍ച്ചയ്ക്കായി നിര്‍ദേശിച്ചത്. പ്രശാന്തിനെ പോലൊരാളെ നിര്‍ത്തിയാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ ജില്ലാ സെക്രട്ടേറിയറ്റും തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമേ അന്തിമതീരുമാനമുണ്ടാകൂ. എ.വിജയരാഘവനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എ.വിജയരാഘവന്‍ തന്നെ പ്രശാന്തിന്റെ പേര് ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.
Leave a Comment