ഒഴിവുസമയങ്ങളില്‍ സിസര്‍കട്ടിനെക്കുറിച്ചും പന്തുകളിയിലെ ചടുലനീക്കങ്ങളെക്കുറിച്ചും വിജയ് ചോദിക്കുമായിരുന്നു

ഐ എം വിജയന്‍ ഫുട്ബോള്‍ താരം എന്ന നിലയിലാണ് പ്രശസ്തിയെങ്കിലും ബിഗ് സ്‌ക്രീനില്‍ ചില കഥാപാത്രങ്ങളായും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിച്ച താരമാണ് വിജയന്‍. ഏറ്റവുമൊടുവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത് വിജയ് നായകനാവുന്ന ‘ബിഗില്‍’ ആണ്. വിജയ്യുടെ ആരാധകന്‍ എന്ന നിലയില്‍ ആദ്യമായി അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വിജയന്‍, ചിത്രഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍. ‘സാര്‍’ എന്ന് ചേര്‍ത്താണ് വിജയ് തന്റെ പേര് വിളിച്ചതെന്നും ലോകം മുഴുവന്‍ ആരാധകരുള്ള ഒരാള്‍ എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നിയെന്നും വിജയന്‍ പറയുന്നു. ഇടവേളകളില്‍ വിജയ് തന്നോട് ഫുട്ബോളിനെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചതെന്നും.
‘പന്തുകളിയെക്കുറിച്ചാണ് ഞങ്ങള്‍ ഏറെയും സംസാരിച്ചത്. എന്റെ പന്തുകളിയെല്ലാം യുട്യൂബില്‍ അദ്ദേഹം കണ്ടിരുന്നുവെന്ന് പിന്നീട് മനസിലായി. സെറ്റിലെ ഒഴിവുസമയങ്ങളില്‍ സിസര്‍കട്ടിനെക്കുറിച്ചും പന്തുകളിയിലെ ചടുലനീക്കങ്ങളെക്കുറിച്ചും കൗതുകത്തോടെ അദ്ദേഹം ചോദിച്ചറിഞ്ഞു’, ഐ എം വിജയന്‍ പറയുന്നു.
വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചാണ് ചിത്രത്തില്‍ വിജയ്യുടെ നായകന്‍. ഇരട്ട ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. നയന്‍താരയാണ് നായിക. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, യോഗി ബാബു തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപാവലിക്ക് തീയേറ്ററുകളിലെത്തും.

pathram:
Related Post
Leave a Comment