തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത സി.പി.എം പ്രതിനിധികളെ ഗവര്‍ണര്‍ ഒഴിവാക്കി. അഡ്വക്കറ്റ് ജി സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ നീക്കിയത്. ഇതോടെ പ്രതിഷേധവുമായി സി.പി.എം രംഗത്തെത്തി.
സാധാരണ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വഴി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്ന സെനറ്റ് പാനല്‍ അതേപടി അംഗീകരിക്കലാണ് പതിവ്. എന്നാല്‍ ജസ്റ്റിസ് പി സദാശിവം ഗവര്‍ണറായ ശേഷം ഇങ്ങനെ സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും ശുപാര്‍ശ ചെയ്യുന്നവരുടെ പ്രവര്‍ത്തി പരിചയവും ബയോഡാറ്റയുമൊക്കെ പരിശോധിക്കുന്ന രീതി ആരംഭിച്ചിരുന്നു. ഇത്തവണയും അത്തരത്തിലുള്ള പരിശോധനയിലൂടെയാണ് രണ്ട് പേരെ ഗവര്‍ണര്‍ ഒഴിവാക്കിയത്.
നേരത്തെ സിന്‍ഡിക്കേറ്റ് അംഗങ്ങളായിരുന്ന അഡ്വക്കറ്റ് ജി സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഗവര്‍ണര്‍ നീക്കിയത്. ഇതില്‍ ജി സുഗുണന്‍ അഭിഭാഷകരുടെ പ്രതിനിധിയായും ഷിജുഖാന്‍ കലാസാഹിത്യ പ്രതിനിധിയായുമാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. രണ്ട് പേര്‍ക്കും അതത് മേഖലകളില്‍ യാതൊരു പരിചയമോ അനുഭവ സമ്പത്തോ ഇല്ലെന്ന് കണ്ടെത്തിയാണ് ഗവര്‍ണര്‍ ഒഴിവാക്കിയതെന്നാണ് പറയുന്നത്. ഇതോടെ ഇരുവരെയും സിന്‍ഡിക്കേറ്റിലേക്ക് എത്തിക്കാനുള്ള സി.പി.എം നീക്കം പാളി.
വിഷയത്തില്‍ പ്രതിഷേധവുമായി സി.പി.എം രംഗത്തെത്തി. ഇവര്‍ക്ക് പകരം പട്ടികയിലില്ലാത്ത രണ്ടുപേരെ ഉള്‍പ്പെടുത്തിയെന്നതാണ് സി.പി.എമ്മിന്റെ പ്രധാന ആക്ഷേപം. ഇത്തരത്തില്‍ ഉള്‍പ്പെടുത്തിയവര്‍ സംഘപരിവാര്‍ അനുകൂലികളാണെന്ന വിമര്‍ശനവും സി.പി.എം ഉയര്‍ത്തുന്നു. വിഷയത്തില്‍ പരസ്യമായ വിമര്‍ശനവുമായി സി.പി.എം രംഗത്തെത്തിക്കഴിഞ്ഞു.
Leave a Comment