യുഎപിഎ ബില്‍ രാജ്യസഭയും പാസാക്കി; തെളിവുണ്ടെങ്കില്‍ തീവ്രവാദിയായി പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഏതൊരു പൗരനെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ ‘തീവ്രവാദി’യായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭയും പാസ്സാക്കി. നേരത്തേ ബില്ല് ലോക്‌സഭ പാസ്സാക്കിയിരുന്നു. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസ്സാക്കിയത്. 147 പേര്‍ ബില്ലിനെ അനുകൂലിച്ചു. 42 പേര്‍ എതിര്‍ത്തു.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടുന്നതിനെതിരെ 104 പേര്‍ വോട്ട് ചെയ്തു. വിടണമെന്ന് 84 പേരും വോട്ട് ചെയ്തു.

വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് എതിര്‍പ്പുകളുയര്‍ത്തിയെങ്കിലും കോണ്‍ഗ്രസ് ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. മുസ്ലീം ലീഗുള്‍പ്പടെയുള്ള സഖ്യകക്ഷികള്‍ ബില്ലിനെ എതിര്‍ത്തപ്പോഴാണിത്.

ഇത്തരമൊരു നിയമഭേദഗതിയിലൂടെ ഒരു വിഭാഗം ആളുകളെ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മുസ്ലീം ലീഗ് എംപി അബ്ദുള്‍ വഹാബ് ആരോപിച്ചു. ഭരണകൂടത്തിനെതിരായ ഏത് നിയമവിരുദ്ധമായ നടപടിയെയും ശക്തമായി നേരിട്ടേ പറ്റൂ. എന്നാല്‍, മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിയമഭേദഗതികളെ അനുകൂലിക്കാനാകില്ല. ഒരു പ്രത്യേക വിഭാഗത്തിലുള്ള ആളുകളെ ലക്ഷ്യമിടാന്‍ ഈ നിയമഭേദഗതി ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കണമെന്നും ദുരുപയോഗം തടയാനുള്ള നടപടികള്‍ വേണമെന്നും ഇത് പരിശോധിക്കാന്‍ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും വഹാബ് എംപി ആവശ്യപ്പെട്ടു.

സഖ്യകക്ഷിയായ മുസ്ലീംലീഗും സിപിഎമ്മും ശക്തമായി എതിര്‍ത്ത നിയമഭേദഗതിയെ പക്ഷേ വോട്ടെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസ് അനുകൂലിക്കുകയായിരുന്നു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നാല് തലങ്ങളില്‍ വിശദമായി പരിശോധിച്ച ശേഷം തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരാളെ തീവ്രവാദിയായി പ്രഖ്യാപിക്കൂ എന്ന് വ്യക്തമാക്കി. മനുഷ്യാവകാശങ്ങള്‍ ഹനിക്കില്ലെന്ന് ഉറപ്പ് വരുത്തും. പാകിസ്ഥാന്‍, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കെല്ലാം ഒരാളെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള നിയമങ്ങളുണ്ട്. ഇന്ത്യ മാത്രം അതെന്തിന് വേണ്ടെന്ന് വയ്ക്കണം? ഒരു സംഘടനയെ തീവ്രവാദബന്ധമുണ്ടെന്ന് കണ്ട് നിരോധിച്ചാല്‍ മറ്റൊരു പേരില്‍ അത് വീണ്ടും തിരിച്ചെത്തും. സംഘടനകളെ നിരോധിച്ചിട്ട് കാര്യമില്ലെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. തുടര്‍ച്ചയായി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തന്നെ വേണം – അമിത് ഷാ പറഞ്ഞു.

pathram:
Leave a Comment