പോലീസുകാരന്റെ മരണം; ഏഴ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: ജില്ലാ സായുധസേനാ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴ് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. എം. റഫീക്ക്, ഹരിഗോവിന്ദന്‍, മഹേഷ്, മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, ജയേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്.

പോലീസുകാരന്റെ കുടുംബം ഉന്നയിച്ച പരാതികള്‍ പ്രത്യേക സംഘം അന്വേഷിക്കും. കുമാറിന് ജാതി വിവേചനം നേരിടേണ്ടിവന്നുവെന്നും അദ്ദേഹത്തെ നഗ്‌നനാക്കി മര്‍ദ്ദിച്ചുവെന്നുമുള്ള പരാതികള്‍ക്ക് പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ലഭിച്ചിട്ടില്ലെന്ന് എസ്.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശദമായ അന്വേഷണത്തില്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. കുമാര്‍ തന്നെ വന്നുകണ്ടിരുന്നുവെന്നും വ്യക്തിപരമായ പ്രശ്നങ്ങളും ജോലി സംബന്ധമായ പ്രശ്നങ്ങളും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഗളി സ്വദേശിയായ കുമാറിനെ ലക്കിടിക്ക് സമീപം തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുമാറിനെ പോലീസ് ക്യാമ്പില്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ജാതീയമായി ആക്ഷേപിച്ചിരുന്നുവെന്നും ഭാര്യ സജിനിയും ബന്ധുക്കളും ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

pathram:
Related Post
Leave a Comment