കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്; സ്പീക്കറുടെ നിര്‍ണായക നടപടി

ബംഗളൂരു: കര്‍ണാകടയില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. ബിജെപിയിലേക്കുള്ള നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തള്ളി, സ്വതന്ത്ര എംഎല്‍എയായ ആര്‍ ശങ്കര്‍ എന്നിവരെയാണ് അയോഗ്യരാക്കിയത്. എംഎല്‍എമാരെ അയോഗ്യരാക്കിയ വിവരം വാര്‍ത്താസമ്മേളനത്തിലൂടെയാണ് സ്പീക്കര്‍ അറിയിച്ചത്. നിയമസഭയുടെ കാലാവധി തീരുന്നത് വരെയാണ് എംഎല്‍എമാരുടെ അയോഗ്യത നിശ്ചയിച്ചിരിക്കുന്നത്.

ബിജെപിയിലേക്കുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ നീക്കത്തിന് നേതൃത്വം നല്‍കിയത് രമേഷ് ജാര്‍ക്കിഹോളിയായിരുന്നു. ബെളഗാവി ഗോഖക്കില്‍ നിന്നുള്ള എംഎല്‍എയാണ് രമേഷ് ജാര്‍ക്കിഹോളി. ഡി കെ. ശിവകുമാറുമായുള്ള രമേഷിന്റെ ഈഗോയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപി പാളയത്തിലേക്കുള്ള നീക്കത്തിന് നേതൃത്വം നല്‍കിയ മറ്റൊരു പ്രധാനിയായിരുന്നു അയോഗ്യനാക്കപ്പെട്ട മഹേഷ് കുമത്തള്ളി.

കെപിജെപി അംഗമായി ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു ആര്‍ ശങ്കര്‍ നിയമസഭയിലേക്ക് മത്സരിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് ആര്‍ ശങ്കര്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിന് കത്തു നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിയാക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ ലയിച്ച ശേഷം ശങ്കര്‍ കോണ്‍ഗ്രസ് അംഗമാണ്. വിപ്പ് പാലിക്കാന്‍ ബാധ്യസ്ഥനുമാണ്. ഇക്കാര്യം പരിശോധിച്ച ശേഷം അദ്ദേഹത്തേട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാതെ വന്നതേടെയാണ് ശങ്കറിനെ അയോഗ്യനാക്കിയത്.

pathram:
Leave a Comment