ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മണ്ണുത്തി-വടക്കാഞ്ചേരി പാത, കൊല്ലത്തെയും കോഴിക്കോട്ടെയും ബൈപ്പാസുകള്‍, ആലപ്പുഴ പാത, ദേശീയപാതാ വികസനത്തിന് നഷ്ടപരിഹാരം നല്‍കുന്നതിലെ അപാകം തുടങ്ങിയ വിഷയങ്ങളില്‍ എം.പി.മാര്‍ പരാതിയുടെ കെട്ടഴിച്ചു. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ടി.എന്‍. പ്രതാപന്‍ എം.പി.യുടെ നേതൃത്വത്തില്‍ കേരള എം.പി.മാര്‍ സംയുക്തനിവേദനം നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് വെള്ളിയാഴ്ച ഗഡ്കരി യോഗം വിളിച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യോഗത്തില്‍ പങ്കെടുത്തു.
ദേശീയപാതാ വികസനത്തില്‍ സ്ഥലമേറ്റെടുപ്പിലെ നഷ്ടപരിഹാരം നല്‍കല്‍ ഒരു തടസ്സമായി എന്‍.കെ. പ്രേമചന്ദ്രന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 2013-ലെ ഭൂമിയേറ്റെടുക്കല്‍ നിയമമനുസരിച്ച് നഷ്ടപരിഹാരം നല്‍കുന്നില്ല. അതു പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. പക്ഷേ, നഷ്ടപരിഹാരത്തിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണം. ഇക്കാര്യം മുഖ്യമന്ത്രിമായുള്ള യോഗത്തില്‍ ചര്‍ച്ചചെയ്തു പരിഹരിക്കാമെന്ന് മന്ത്രി പറഞ്ഞു.
രാജ്മോഹന്‍ ഉണ്ണിത്താന്‍, എ.എം. ആരിഫ്, ഡീന്‍ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠന്‍, ഹൈബി ഈഡന്‍, രമ്യാ ഹരിദാസ് എന്നീ എം.പി.മാരും ഗതാഗതമന്ത്രാലയം സെക്രട്ടറി സഞ്ജീവ് രഞ്ജന്‍, ദേശീയപാതാ അതോറിറ്റി ചെയര്‍മാന്‍ നാഗേന്ദ്ര നാഥ് സിന്‍ഹ, അംഗം ആര്‍.കെ. പാണ്ഡേ, സാമൂഹികപ്രവര്‍ത്തകന്‍ അഡ്വ. ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ദേശീയപാത 544-ലെ മണ്ണുത്തി-വടക്കാഞ്ചേരി റോഡിന്റെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നാണ് ടി.എന്‍. പ്രതാപന്‍ ഉന്നയിച്ച പരാതി. കുതിരാനിലെ രണ്ടു തുരങ്കങ്ങളില്‍ ഒന്ന് 90 ശതമാനവും രണ്ടാമത്തേതില്‍ 70 ശതമാനവും നിര്‍മാണം പൂര്‍ത്തിയായി. സുരക്ഷാക്രമീകരണം ഉറപ്പാക്കി തുറന്നുകൊടുക്കണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ദേശീയപാതാ അതോറിറ്റി കത്തുനല്‍കിയിട്ടും സംസ്ഥാന വനംവകുപ്പ് അനുമതിനല്‍കാത്തതാണ് തടസ്സമെന്ന് ഗഡ്കരി മറുപടിനല്‍കി. നിര്‍മാണച്ചുമതലയുള്ള കമ്പനി കരാര്‍ ലംഘനം നടത്തിയിട്ടുണ്ട്. അവര്‍ കോടതിയില്‍ പോയാല്‍ പദ്ധതി വൈകരുതെന്നുകരുതി ഒഴിവാക്കിയില്ല. ഇപ്പോള്‍ നിര്‍മാണം സ്തംഭിക്കാന്‍ കാരണം കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് -മന്ത്രി പറഞ്ഞു.
കൊല്ലം ബൈപ്പാസിലെ സുരക്ഷാപ്രശ്‌നം എന്‍.കെ. പ്രേമചന്ദ്രന്‍ ശ്രദ്ധയില്‍പ്പെടുത്തി. പ്രശ്‌നപരിഹാരത്തിന്റെ മേല്‍നോട്ടം ദേശീയപാതാ അതോറിറ്റി അംഗം ആര്‍.കെ. പാണ്ഡെയെ മന്ത്രി ഏല്‍പ്പിച്ചു. നാലുവരിപ്പാതയും പരിഗണിക്കുന്നുണ്ടെന്നാണ് മറുപടി.
കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയുടെ നിര്‍മാണം ഉടന്‍ തുടങ്ങണമെന്ന് എം.കെ. രാഘവന്‍ ആവശ്യപ്പെട്ടു. അതു വൈകില്ലെന്നാണ് ഗഡ്കരിയുടെ മറുപടി. കരാര്‍ ഏറ്റെടുത്ത കെ.എം.സി. കമ്പനിയുടെ പങ്കാളി ഇന്‍കെല്‍ കമ്പനി സമര്‍പ്പിച്ച ബാങ്ക് ഗ്യാരന്റി സ്വീകരിച്ചു തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ യോഗത്തില്‍ വെച്ചുതന്നെ ഉദ്യോഗസ്ഥരോടു മന്ത്രി നിര്‍ദേശിച്ചു. മൈസൂരു-നാടുകാണി ദേശീയപാതയ്ക്കുവേണ്ടിയുള്ള പദ്ധതിരേഖയില്‍ കോഴിക്കോടിനെ ഉള്‍പ്പെടുത്തുന്നതും പരിഗണിക്കും.
ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ കേന്ദ്രം എല്ലാ സഹായവും ലഭ്യമാക്കുമെന്ന് എ.എം. ആരിഫിന് ഗഡ്കരി ഉറപ്പുനല്‍കി. ദേശീയപാതയുടെ വികസനത്തിന് സ്ഥലമെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കണമെന്നും ആരിഫ് ആവശ്യപ്പെട്ടു.
Leave a Comment