ശിരസ്സ് പാതാളത്തോളം താഴുന്നു; ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണ പരാജയത്തിന്റെ നരകമാണ്; വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരേ സ്പീക്കര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന സമിതിയംഗവുമായ പി ശ്രീരാമകൃഷ്ണന്‍. തെറ്റുകള്‍ക്ക് മുമ്പില്‍ ശിരസ്സുകുനിച്ചു മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണമെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അഖില്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

അഖില്‍
—————

എന്റെ ഹൃദയം നുറുങ്ങുന്നു,
കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു.
ഓര്‍മ്മകളില്‍ മാവുകള്‍ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.

സ്‌നേഹസുരഭിലമായ ഓര്‍മ്മകളുടെ
ആ പൂക്കാലം.
‘എന്റെ, എന്റെ ‘എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓര്‍ത്തെടുക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സ്‌നേഹനിലാവ്.

യുവലക്ഷങ്ങളുടെ ആ സ്‌നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്.
ഈ നാടിന്റെ സര്‍ഗ്ഗാത്മക യൗവ്വനത്തെയാണ് നിങ്ങള്‍
ചവുട്ടി താഴ്ത്തിയത്.

നിങ്ങള്‍ ഏതു തരക്കാരാണ്?
എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല?
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍?
നിങ്ങളുടെ ഈ ദുര്‍ഗന്ധം
ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം
നമുക്ക് വേണ്ട.
ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണ പരാജയത്തിന്റെ നരകമാണ്.
തെറ്റുകള്‍ക്കുമുമ്പില്‍ രണ്ടു വഴികളില്ല,
ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.
നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.
കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓര്‍മ്മകള്‍ മറക്കാതിരിക്കുക.

ഓര്‍മ്മകളുണ്ടായിരിക്കണം,
അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്.
ചിന്തയും വിയര്‍പ്പും,
ചോരയും കണ്ണുനീരുമുണ്ട്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment