ലോകകപ്പ്: ആദ്യ പവര്‍ പ്ലേയില്‍ തന്നെ ന്യൂസിലന്‍ഡിന് നാണക്കേടിന്റെ റെക്കോര്‍ഡ്

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് ആദ്യ പവര്‍ പ്ലേയില്‍ തന്നെ നാണക്കേടിന്റെ റെക്കോര്‍ഡ്. നേരത്തെ ഈ റെക്കോര്‍ഡ് ഇന്ത്യയുടെ പേരിലായിരുന്നു. ഈ ലോകകപ്പില്‍ ആദ്യ 10 ഓവര്‍ പവര്‍ പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സെടുത്ത ടീമെന്ന ചീത്തപ്പേരാണ് ന്യൂസിലന്‍ഡിന്റെ പേരിലായത്. ആദ്യ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡ് നേടിയത്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 28/1 ആയിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്‌കോര്‍. ഭവനേശ്വര്‍ കുമാറും ബുമ്രയും മെയ്ഡന്‍ എറിഞ്ഞാണ് ന്യൂസിലന്‍ഡിനെതിരെ തുടങ്ങിയത്. ഗപ്ടിലിന്റെ വിക്കറ്റ് വീഴ്ത്തി ബുമ്ര കിവീസിന് ആദ്യ പ്രഹരമേല്‍പ്പിക്കുകയും ചെയ്തു.

ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ആദ്യ 10 ഓവറില്‍ 28 റണ്‍സ് മാത്രം നേടിയത്. ഇത് ഏറെ വിമര്‍ശനത്തിന് കാരണമാകുകയും ചെയ്തിരുന്നു. ഇതാണിപ്പോള്‍ കിവീസിന്റെ പേരിലായത്. ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് പവര്‍ പ്ലേയില്‍ നേടിയ 29/2 ആണ് ഈ ലോകകപ്പിലെ ഏറ്റവും കുറഞ്ഞ മൂന്നാം പവര്‍ പ്ലേ സ്‌കോര്‍.

pathram:
Related Post
Leave a Comment