വിന്‍ഡീസിനെതിരേ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍

ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്കക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അവിഷ്‌ക ഫെര്‍ണാണ്ടോയുടെ കന്നി സെഞ്ചുറി മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. ഫെര്‍ണാണ്ടോയുടെ(104) സെഞ്ചുറിക്ക് പുറമെ കുശാല്‍ പെരേര(64), കുശാല്‍ മെന്‍ഡിസ്(39), ദിമുത് കരുണരത്‌നെ(31) എയ്ഞ്ചലോ മാത്യൂസ്(26) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ലങ്കക്ക് കരുത്തു പകര്‍ന്നത്.

ഓപ്പണിംഗ് വിക്കറ്റില്‍ കരുണരത്‌നെ-കുശാല്‍ പെരേര സഖ്യം 93 റണ്‍സടിച്ചു. ഇരുവരെയും ചെറിയ ഇടവേളയില്‍ പുറത്താക്കിയെങ്കിലും ഫെര്‍ണാണ്ടോയുടെ(104) ഇന്നിംഗ്‌സ് വിന്‍ഡീസിന്റെ തിരിച്ചുവരവിനുള്ള സാധ്യത വിഫലമാക്കി. മെന്‍ഡിസിനും മാത്യൂസിനുമൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ ഫെര്‍ണാണ്ടോ കരിയറിലെ ആദ്യ സെഞ്ചുറിയാണ് കുറിച്ചത്. അവസാന ഓവറുകളില്‍ ലഹിരു തിരിമിന്നെയുടെ വെടിക്കെട്ട് ഇന്നിംഗ്‌സ്(33 പന്തില്‍ 45 നോട്ടൗട്ട്) ലങ്കയെ 338ല്‍ എത്തിച്ചു.

വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കോട്രെല്ലും ഫാബിയന്‍ അലനും ഓഷാനെ തോമസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സെമിയിലേക്ക് വിദൂര സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ശ്രീലങ്കക്ക് വമ്പന്‍ ജയം അനിവാര്യമാണ്. വിന്‍ഡീസിന്റെ സെമി സാധ്യതകള്‍ നേരത്തെ അവസാനിച്ചിരുന്നു.

pathram:
Related Post
Leave a Comment