നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 337 റണ്‍സിലേക്ക് എത്തുകയായിരുന്നു.
ജോനി ബെയര്‍സ്റ്റോയുടെ സെഞ്ചുറിയുടെയും ജേസണ്‍ റോയിയുടെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ വന്‍ സ്‌കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് 337 റണ്‍സില്‍ ഒതുക്കിയത്. 10 ഓവറില്‍ 69 റണ്‍സ് വഴങ്ങിയായിരുന്നു ഷമിയുടെ ക്ലാസ് പ്രകടനം. 10 ഓവറില്‍ വെറും 44 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ ബുമ്രയും മിന്നി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 2.3 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. രാഹുലാണ് പുറത്തായത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മിന്നുന്ന തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയ്-ജോനി ബെയര്‍സ്റ്റോ സഖ്യം നല്‍കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 79 റണ്‍സ് സ്വന്തമാക്കിയ ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റിംഗും ഇംഗ്ലണ്ടിന് നിര്‍ണായകമായി.
അപകടകാരിയായ ജസ്പ്രീത് ബുമ്രയെ കടന്നാക്രമിക്കാതെ വിക്കറ്റ് സൂക്ഷിക്കാന്‍ ഇരുവരും ശ്രമിച്ചു. എന്നാല്‍, ആദ്യ പത്ത് ഓവറിന് ശേഷം ഗിയര്‍ മാറ്റിയ ബെയര്‍സ്റ്റോ വമ്പനടികള്‍ തുടങ്ങിയതോടെ റോയി മികച്ച പിന്തുണ നല്‍കി ഒപ്പം നിന്നു. 15-ാം ഓവറില്‍ ടീം സ്‌കോര്‍ നുറ് കടത്താന്‍ ഇരുവര്‍ക്കും സാധിച്ചു.
ഒരു വിക്കറ്റിനായി സകല തന്ത്രങ്ങളും മെനഞ്ഞ ഇന്ത്യ 22-ാം ഓവറിലാണ് ഒടുവില്‍ ലക്ഷ്യം കണ്ടത്. കുല്‍ദീപിനെ അതിര്‍ത്തി കടത്താനുള്ള റോയിയുടെ ശ്രമം പകരക്കാരനായി ഫീല്‍ഡിങ്ങിനിറങ്ങിയ രവീന്ദ്ര ജഡേജയുടെ കൈകളില്‍ അവസാനിച്ചു. 57 പന്തുകളില്‍ നിന്ന് 66 റണ്‍സ് നേടിയാണ് പരിക്ക് മാറി തിരിച്ചെത്തിയ റോയ് സ്വന്തമാക്കിയത്.
ബെയര്‍സ്റ്റോയ്‌ക്കൊപ്പം ജോ റൂട്ട് ഉറച്ച് നിന്നെങ്കിലും റണ്‍ റേറ്റ് പിന്നീട് താഴേക്ക് പോയത് ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയായി. ഇതിനിടെ സെഞ്ചുറി നേടി കുതിച്ച ബെയര്‍സ്റ്റോ ഷമിയുടെ കെണിയില്‍ കുടുങ്ങി. 109 പന്തുകളില്‍ നിന്ന് 111 റണ്‍സ് കൂട്ടിച്ചേര്‍ത്തായിരുന്നു താരത്തിന്റെ മടക്കം.
ഇതോടെ ഇംഗ്ലണ്ടിന് കടഞ്ഞാണിട്ട ഇന്ത്യന്‍ ബൗളര്‍മാര്‍ നായകന്‍ ഓയിന്‍ മോര്‍ഗനെയും വേഗം പറഞ്ഞയച്ചു. പിന്നീട് ബെന്‍ സ്റ്റോക്‌സ് വന്നതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വച്ചത്. റൂട്ട് -സ്റ്റോക്‌സ് കൂട്ടുക്കെട്ട് അപകടം വിതയ്ക്കുമെന്ന തോന്നല്‍ ഉണ്ടായതോടെ നായകന്‍ വിരാട് കോലി മുഹമ്മദ് ഷമിയെ വീണ്ടും പന്തേല്‍പ്പിച്ചു. നായകന്റെ വിശ്വാസം കാത്ത ഷമി റൂട്ടിനെ ഇളക്കി ഇന്ത്യക്ക് വീണ്ടും ആശ്വാസം കൊണ്ടു വന്നു. 54 പന്തില്‍ 44 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം.
ഒരറ്റത്ത് ബെന്‍ സ്റ്റോക്‌സ് അര്‍ധ ശതകം നേടി തുടര്‍ന്നതോടെ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഇതിനിടെ കൂറ്റനടി ലക്ഷ്യമിട്ടെത്തിയ ജോസ് ബട്‌ലറിനെയും കുടുക്കി ഷമി തുടര്‍ച്ചയായ മൂന്നാം നാല് വിക്കറ്റ് നേട്ടം പേരിലെഴുതി. അവിടെയും നിര്‍ത്താന്‍ ഷമി തയാറല്ലായിരുന്നു. തന്റെ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്രിസ് വോക്‌സിനെ കൂടാരം കയറ്റി വീണ്ടും ഷമി ആഞ്ഞടിച്ചു.
അവസാന ഓവറില്‍ ബുമ്രയെ സിക്‌സര്‍ കടത്താനുള്ള ശ്രമത്തില്‍ സ്റ്റോക്‌സും വീണു. 54 പന്തില്‍ 79 റണ്‍സാണ് സ്റ്റോക്‌സ് അടിച്ചു കൂട്ടിയത്. ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ സ്പിന്നര്‍മാരെ കണക്കറ്റ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ ശിക്ഷിച്ചു. 10 ഓവറില്‍ 88 റണ്‍സാണ് ചഹാല്‍ വഴങ്ങിയത്. ജേസണ്‍ റോയിയുടെ വിക്കറ്റ് സ്വന്തമാക്കി ടീമിന് ബ്രേക് ത്രൂ നല്‍കിയെങ്കിലും 10 ഓവറില്‍ 72 റണ്‍സ് കുല്‍ദീപും വഴങ്ങി.
Leave a Comment