മീ ടൂ; നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു

ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയില്‍ നടന്‍ വിനായകനെതിരെ കേസ്. കല്‍പ്പറ്റ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120, എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല എഴുതി.

വിനായകനെതിരായ ജാതീയാധിക്ഷേപങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നപ്പോഴുള്ള പ്രതികരണമായാണ് മൃദുലാ ദേവി ശശിധരന്‍ ഫേസ്ബുക്കില്‍ സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആര്‍എസ്എസ്സിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്. ഇതേത്തൂടര്‍ന്ന് ജാതീയമായ അധിക്ഷേപമടക്കം സാമൂഹ്യമാധ്യമങ്ങളില്‍ വിനായകനെതിരെ ഉയര്‍ന്നു. ഇതിന് മറുപടിയായി സ്വന്തം പ്രൊഫൈലില്‍ അയ്യ(പ്പ)ന്റെയും കാളിയുടെയും ചിത്രം പോസ്റ്റ് ചെയ്തു വിനായകന്‍. അയ്യനും കാളിയും ചേര്‍ന്നാല്‍ അയ്യങ്കാളി എന്നാണ് വിനായകന്‍ ഉദ്ദേശിച്ചതെന്ന് വിലയിരുത്തലുകളും സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു. ഇതിനിടെയാണ് മൃദുല, വിനായകനില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പോസ്റ്റിട്ടത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ല എന്ന് മാത്രമായിരുന്നു വിനായകന്റെ മറുപടി.

മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ.

pathram:
Related Post
Leave a Comment