പാലാരിവട്ടം മേല്‍പ്പാലം അഴിമതി ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയെന്ന് ഗണേഷ് കുമാര്‍

കൊച്ചി: എറണാകുളം പാലാരിവട്ടം മേല്‍പ്പാലം അടക്കമുള്ള അഴിമതികളെക്കുറിച്ച് പരാതിപ്പെട്ടതിനാലാണ് യുഡിഎഫില്‍ നിന്നും പുറത്തായതെന്ന് വെളിപ്പെടുത്തലുമായി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്ത് അഴിമതി നടക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം അഴിമതികളെക്കുറിച്ച് വളരെ വിശദമായി പഠിക്കുകയും റിപ്പോര്‍ട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ തെളിവു സഹിതം പരാതി നല്‍കിയ തനിക്ക് അപമാനിതനായി പുറത്ത് പോകുകയായിരുന്നുവെന്നും ഗണേഷ് പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലത്തിന് മാത്രമല്ല യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിയുടെ വയനാട്ടിലേക്ക് അടക്കമുള്ള എല്ലാ പദ്ധതികളും പരിശോധിക്കണമെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.

അഴിമതി നടത്തുന്നതിന് ഉദ്യോഗസ്ഥരും കരാറുകാരും അടങ്ങുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ അത്തരത്തില്‍ ഒരു പരാതി ഗണേഷ് കുമാര്‍ നല്‍കിയിട്ടില്ലെന്നും മന്ത്രിക്ക് നിര്‍മ്മാണാനുമതി നല്‍കുന്ന ചുമതല മാത്രമാണെന്നും മുന്‍ പൊതിമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പരാതി ലഭിച്ചിരുന്നെങ്കില്‍ അന്വേഷിച്ചേനെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന ഇ ശ്രീധരന്‍. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ചര്‍ച്ചയ്ക്ക് എത്തിയത് എന്ന് ശ്രീധരന്‍ പറഞ്ഞു. പാലാരിവട്ടം പാലത്തേക്കുറിച്ച് പഠിച്ചിട്ടില്ലെന്നും ശ്രീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

pathram:
Related Post
Leave a Comment