വിദേശ യാത്ര ഒഴിവാക്കണം; ഓഫീസില്‍ വൈകി എത്തരുത്; വീട്ടിലിരുന്നുള്ള ജോലി ഒഴിവാക്കണം; മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വൈകി ഓഫീസിലെത്തുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാര്‍ 9.30-തിന് തന്നെ ഓഫീസില്‍ എത്തണമെന്നാണ് മോദിയുടെ നിര്‍ദ്ദേശം. പാര്‍ലമെന്റ് ചേരുന്ന 40 ദിവസത്തേക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മോദി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൃത്യ സമയത്ത് ഓഫീസില്‍ എത്തിയതുകൊണ്ട് ദിവസേന ചെയ്ത് തീര്‍ക്കേണ്ട കര്‍ത്തവ്യങ്ങളുടെ രൂപ രേഖ തയ്യാറാക്കാന്‍ സാധിച്ചതായി മോദി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും മന്ത്രിമാര്‍ സമയം കണ്ടെത്തണമെന്നും പുതിയ വികസന പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യാനായി ഒത്തുചേരണമെന്നും മോദി നിര്‍ദ്ദേശിച്ചതായി പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചുവര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന അജണ്ട രൂപീകരിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ കര്‍ഷക സൗഹൃദ പ്രഖ്യാപനങ്ങള്‍ നടത്തി മോദി ശ്രദ്ധ നേടിയിരുന്നു. കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി വിപുലീകരിക്കാന്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കുന്ന പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ യോജന ഭൂവിസ്തൃതി പരിഗണിക്കാതെ എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കാനാണ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. നേരത്തെ 2 ഹെക്ടര്‍ വരെ കൃഷി ഭൂമിയുള്ളവര്‍ക്കായിരുന്നു പദ്ധതിയുടെ ഗുണഫലം ലഭിച്ചിരുന്നത്. പദ്ധതി വിപുലീകരിക്കുന്നതോടെ 14.5 കോടി കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

pathram:
Related Post
Leave a Comment