യുഎസുമായുള്ള യുദ്ധം ലോകദുരന്തമായി തീരുമെന്ന് ചൈന

സിംഗപ്പുര്‍: യുഎസുമായുള്ള യുദ്ധം ലോകത്തിന് ദുരന്തമായി തീരുമെന്ന് ചൈന. തായ്‌വാന്‍, സൗത്ത് ചൈന കടല്‍ എന്നിവിടങ്ങളിലെ യുഎസ് ഇടപെടലിനെ പരോക്ഷമായി സൂചിപ്പിച്ചാണ് ചൈനയുടെ പരാമര്‍ശം. ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെഞ്‌ജെയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ യുഎസ്സിന് മുന്നറിയിപ്പ് നല്‍കണമെന്നും വെയ് ഫെഞ്‌ജെ ആവശ്യപ്പെട്ടു.

സിങ്കപ്പൂരില്‍ നടന്ന ഷാന്‍ഗ്രി ലാ ഉച്ചകോടിയിലാണ് വെയ് ഫെഞ്‌ജെ ഇക്കാര്യം പറഞ്ഞത്. ഏഷ്യയിലെ പ്രധാന പ്രതിരോധ ഉച്ചകോടിയാണ് ഷാന്‍ഗ്രി ലാ.

പരമാധികാര രാജ്യമായി സ്വയം പ്രഖ്യാപിച്ചിട്ടുള്ള തായ്‌വാന്‍ തങ്ങളുടെ ഭൂപ്രദേശമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. തായ്‌വാന് മേലുള്ള തങ്ങളുടെ താത്പര്യങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരെ അവസാനം വരെ പോരാടാന്‍ ചൈന തയ്യാറാകുമെന്നും ആവശ്യമെന്ന് കണ്ടാല്‍ ബലം പ്രയോഗിച്ച് തായ്‌വാനെ തങ്ങളുടെ ഭാഗമാക്കാന്‍ മടിക്കില്ലെന്നും വെയ് പറഞ്ഞു.

2011 ന് ശേഷം ഷാന്‍ഗ്രി ലാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യ ചൈനീസ് പ്രതിരോധ മന്ത്രിയാണ് വെയ് ഫെഞ്‌ജെ. ഏഷ്യയിലെ ചൈനയുടെ സൈനിക ഇടപെടലുകള്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗം മാത്രമാണെന്നും രാജ്യതാത്പര്യത്തിന് എതിരെന്ന് കണ്ടാല്‍ തടസ്സം നില്‍ക്കുന്നവരെ ആക്രമിക്കാന്‍ മടിക്കില്ലെന്നും വെയ് മുന്നറിയിപ്പ് നല്‍കി.

ആക്രമിക്കപ്പെടാതെ ആരെയും ചൈന ആക്രമിക്കില്ല. ഒരു യുദ്ധമോ സംഘര്‍ഷമോ ഉണ്ടാകുന്നത് ലോകത്തിനാകമാനം ദുരന്തമായി പരിണമിക്കുമെന്ന് ഇരു രാജ്യങ്ങളും മനസിലാക്കേണ്ടതുണ്ടെന്നും വെയ് പറഞ്ഞു.

ചൈനയെ വിഭജക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടും. തായ്‌വാന് മേലുള്ള ഏതുതരത്തിലുമുള്ള ഇടപെടല്‍ നിശ്ചയമായും പരാജയപ്പെടുമെന്നും വെയ് പറഞ്ഞു. അത്തരമൊരു ശ്രമം ആരുനടത്തിയാലും അവരോട് എല്ലാതരത്തിലും പോരാടുകയെന്നതല്ലാതെ ചൈനീസ് സൈന്യത്തിന് മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പരമാധികാര രാജ്യമെന്ന് അവകാശപ്പെടുമ്പോഴും തായ്‌വാനുമായി ലോകരാജ്യങ്ങള്‍ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിച്ചിട്ടില്ല. എന്നാല്‍ തായ്‌വാന് ആയുധങ്ങള്‍ നല്‍കുന്നത് മുഖ്യമായും യുഎസ്സാണ്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിന് പിന്നാലെ യുഎസ് യുദ്ധക്കപ്പലുകള്‍ ഇടക്കിടെ തായ്‌വാന് സമീപത്തുകൂടി കടന്നുപോകാറുമുണ്ട്. ഇത് ചൈനയെ കുറച്ചൊന്നുമല്ല പ്രകോപിപ്പിക്കുന്നതാണ്. ഈ രോഷപ്രകടനാണ് വെയ് ഫെഞ്‌ജെയുടെ വാക്കുകളില്‍ കൂടി പുറത്തുവന്നത്.

ഏഷ്യയിലെ ചൈനീസ് ഇടപെടലുകള്‍ വെറുതെ നോക്കി നില്‍ക്കില്ലെന്ന് യുഎസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാന്‍ഹാന്‍ കഴിഞ്ഞ ദിവസം ഷാന്‍ഗ്രി ലാ ഉച്ചകോടിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയാണ് വെയ് നല്‍കിയത്.

വ്യാപാര യുദ്ധത്തിന്റെ പേരിലും തായ്‌വാന് നല്‍കുന്ന പിന്തുണയുടെ പേരിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തിലാണ് വെയ് ഫെഞ്‌ജെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ഇതിന് പുറമേയാണ് സൗത്ത് ചൈന കടലിലെ ചൈനീസ് സൈനിക സാന്നിധ്യത്തെ വെല്ലുവിളിച്ച് യുഎസ് യുദ്ധക്കപ്പലുകള്‍ ഇവിടെ സാന്നിധ്യമറിയിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് തങ്ങളുടെ നടപടിയെന്നാണ് യുഎസ് ഇതിനെ വിശേഷിപ്പിക്കുന്നത്.

pathram:
Leave a Comment