ലങ്കയെ തകര്‍ത്ത് ന്യൂസിലാന്‍ഡ്; വിജയം 10 വിക്കറ്റിന്…

പൊരുതാതെ ന്യൂസീലന്‍ഡിന് മുന്നില്‍ കീഴടങ്ങി ലങ്ക. 50 ഓവര്‍ പോലും തികയ്ക്കാതെ പോയ മത്സരത്തില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിനാണ് ന്യൂസീലാന്‍ഡ് പരാജയപ്പെടുത്തിയത്. ശ്രീലങ്ക ഉയര്‍ത്തിയ ചെറിയ സ്‌കോറായ 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 16.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി.

ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കിവീസിന് അനായാസ ജയം സമ്മാനിച്ചത്. 51 പന്തില്‍ ഗുപ്ടില്‍ 73 റണ്‍സ് നേടി. എട്ട് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഗുപ്ടിലിന്റെ ഇന്നിങ്‌സ്. 47 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സാണ് മണ്‍റോയുടെ സംഭാവന.

നേരത്തെ കൂട്ടത്തകര്‍ച്ച കണ്ട മത്സരത്തില്‍ 29.2 ഓവറില്‍ 136 റണ്‍സ് എടുക്കാനെ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളൂ. 84 പന്തില്‍ 52 റണ്‍സ് എടുത്ത ദിമുത് കരുണരത്‌നയാണ് ശ്രീലങ്കന്‍ നിരയില്‍ ടോപ് സ്‌കോറര്‍. കരുണരത്‌ന അടക്കം മുന്ന് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. 29 റണ്‍സുമായി കുശാല്‍ മെന്‍ഡിസും 27 റണ്‍സുമായി തിസാര പെരേരയും.

മത്സരത്തിന്റെ രണ്ടാം പന്തില്‍ തന്നെ ലഹിരു തിരിമാനെയെ ( 4) പുറത്താക്കി മാറ്റ് ഹെന്റി ആദ്യ പ്രഹരമേല്‍പ്പിച്ചു. ആദ്യ പന്തില്‍ ബൗണ്ടറിയോടെ തുടങ്ങിയ തിരിമാനെ രണ്ടാം പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. 24 പന്തില്‍ 29 റണ്‍സ് എടുത്ത കുശാല്‍ പെരേരയെയും മാറ്റ് ഹെന്റി മടക്കി. കുശാല്‍ മെന്‍ഡിസ് (പൂജ്യം), ധനജ്ഞയ ഡി സില്‍വ (നാല്), ഏയ്ഞ്ചലോ മാത്യൂസ് ( പൂജ്യം), ജീവന്‍ മെന്‍ഡിസ് (ഒന്ന് ), ഇസുരു ഉദാന ( പൂജ്യം), സുരംഗ ലക്മല്‍ ( ഏഴ് ), ലസിത് മലിംഗ (ഒന്ന് ) എന്നിവര്‍ കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങി.

ഏഴ് ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത മാറ്റ് ഹെന്റി, 6.2 ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ശ്രീലങ്കയെ ചെറിയ സ്‌കോറില്‍ തളച്ചത്. ട്രെന്റ് ബോള്‍ട്ട്, ഗ്രാന്റ്‌ഹോം, ജിമ്മി നീഷാം, മിച്ചല്‍ സാന്റനെര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

pathram:
Leave a Comment