കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഒബിസി, എസ്‌സി-എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ അധ്യക്ഷപദത്തിലേക്ക് ഒ ബി സി, എസ് സി-എസ് ടി വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ ആരെങ്കിലും പരിഗണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തെ തുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷ പദം രാജിവെക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്.

മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിയില്‍നിന്ന് പിന്മാറണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കൂടാതെ യു പി എ സഖ്യകക്ഷികളായ ഡി എം കെയും ആര്‍ ജെ ഡിയും രാജിയില്‍നിന്ന് പിന്മാറാന്‍ രാഹുലിനോട് അഭ്യര്‍ഥിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷപദവിയില്‍നിന്ന് രാജിവെക്കുന്നത് ആത്മഹത്യാപരമായ തീരുമാനമാണെന്നായിരുന്നു ലാലു പ്രസാദിന്റെ പ്രതികരണം. രാജിവെക്കരുതെന്നും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനഹൃദയങ്ങള്‍ കീഴടക്കാന്‍ രാഹുലിന് സാധിച്ചെന്നായിരുന്നു ഡി എം കെ നേതാവ് സ്റ്റാലിന്‍ പറഞ്ഞത്.

അധ്യക്ഷപദത്തിലെത്തുന്നയാള്‍ ഗാന്ധികുടുംബാഗമാകണമെന്ന് നിര്‍ബന്ധമില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ പറഞ്ഞിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ പേര് അധ്യക്ഷപദത്തിലേക്ക് ഉയര്‍ന്നുവന്നെങ്കിലും അതും രാഹുല്‍ നിരാകരിച്ചു. തന്റെ സഹോദരിയുടെ പേര് ഇക്കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു നേടാനായത്.

pathram:
Related Post
Leave a Comment