സത്യപ്രതിജ്ഞ ചടങ്ങില്‍ മമത പങ്കെടുക്കില്ല; പ്രതിഷേധമറിയിച്ച് മോദിക്ക് കത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്‍മാറി. പശ്ചിമബംഗാളില്‍ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട 54 ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെക്കൂടി മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് മമതയുടെ പിന്‍മാറ്റം.

പിന്‍മാറിയതിന് പിന്നാലെ മമത മോദിക്ക് ഒരു കത്തും നല്‍കി. ”അഭിനന്ദനങ്ങള്‍, നിയുക്ത പ്രധാനമന്ത്രീ. ഭരണഘടനയെ മാനിച്ച് താങ്കളുടെ ക്ഷണം സ്വീകരിക്കാനായിരുന്നു എന്റെ തീരുമാനം. എന്നാല്‍ പശ്ചിമബംഗാളില്‍ 54 ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടെന്ന് ബിജെപി അവകാശപ്പെടുന്നതായി മാധ്യമറിപ്പോര്‍ട്ടുകള്‍ കാണുന്നു. ഇത് പൂര്‍ണമായും തെറ്റാണ്. പശ്ചിമബംഗാളില്‍ രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഉണ്ടായിട്ടില്ല. വ്യക്തി വിരോധമോ, കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കോ, മറ്റ് സംഘര്‍ഷങ്ങളോ രാഷ്ട്രീയമായി ബന്ധമുള്ളതല്ല. അത്തരം ഒരു രേഖകളും ഞങ്ങളുടെ പക്കലില്ല.

അതുകൊണ്ടു തന്നെ ക്ഷമിക്കണം മോദിജി, എനിക്ക് സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്ന് പിന്‍മാറാതെ മറ്റൊരു വഴിയില്ല.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ജനാധിപത്യത്തിന്റെ പരിപാവനമായ ആഘോഷമാകേണ്ടതാണ്. അല്ലാതെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സത്യപ്രതിജ്ഞയെ, രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന അവസരമാക്കി മാറ്റരുത്. എന്നോട് ക്ഷമിക്കുക.

pathram:
Leave a Comment