കേരളത്തിന്റെ പെങ്ങളൂട്ടിക്കൊപ്പം ഞാനും എന്റെ കുടുംബവും; രമ്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് വിജയരാഘവന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇടതുകോട്ടയായ ആലത്തൂരില്‍ അട്ടിമറി വജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്കിലൂടെ രമ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മലപ്പുറത്തിന്റെ നിയുക്ത എംപി കുഞ്ഞാലിക്കുട്ടി ആലത്തൂരിലെ പുതിയ ജനപ്രതിനിധിയെ അഭിനന്ദിച്ചത്.

‘കേരളത്തിന്റെ അഭിമാനം. ആലത്തൂരിന്റെ പാര്‍ലമെന്റ് പ്രതിനിധി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ. കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങള്‍ രമ്യാ ഹരിദാസ്.’ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം കുഞ്ഞാലിക്കുട്ടി കുറിച്ചു.

കാലങ്ങളായി ഇടതുപക്ഷത്തിനൊപ്പം അടിയുറച്ച് നിന്ന ആലത്തൂരില്‍ ഇത്തവണ 158968 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് എംപിയായ പി കെ ബിജുവിനെ രമ്യാ ഹരിദാസ് അട്ടിമറിച്ചത്.

തിരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ദ്വയാര്‍ഥ പ്രയോഗവുമായി അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനുള്ള മറുപടിയായാണ് ഈ ഫോട്ടോയെ കണക്കാക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേര്‍ത്തു എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വന്‍വിവാദത്തിന് വഴിവച്ചിരുന്നു. രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിനെക്കുറിച്ചായിരുന്നു വിജയാഘവന്റെ വിവാദ പരാമര്‍ശം. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പ്രസംഗം.

മലപ്പുറത്തെ റെക്കോര്‍ഡ് വിജയത്തിന്റെ ആഘോഷത്തിനിടെ കുഞ്ഞാപ്പയില്‍നിന്ന് പതിവില്ലാതെയെത്തിയ ട്രോള്‍ ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. ആലത്തൂരില്‍ രമ്യയുടെ അട്ടിമറി വിജയത്തില്‍ വിജയരാഘവന്റെ വിവാദ പരാമര്‍ശവും പങ്കുവഹിച്ചതായി വിലയിരുത്തലുണ്ടായിരുന്നു.

pathram:
Related Post
Leave a Comment