മഞ്ചേരി മെഡിക്കല്‍ കോളേജിലെ ആളുമാറി ശസ്ത്രക്രിയ; ഡോക്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഏഴുവയസ്സുകാരന് ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഇടക്കാല ഉത്തരവില്‍ നിരീക്ഷിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ തീയേറ്ററില്‍ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഉടന്‍ ഹാജരാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസമാണ് മൂക്കിലെ ദശമാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ ഏഴുവയസ്സുകാരന് ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയ നടത്തിയത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് തയ്യില്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഡാനിഷിനെ(ഏഴ്)യാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണിക്കൃഷ്ണന്റെ മകന്‍ ധനുഷിനാണ് (ആറ്) ഹെര്‍ണിയയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ഇരുവരെയും തിയേറ്ററില്‍ പ്രവേശിപ്പിച്ചത്. ഇ.എന്‍.ടി. ഡോക്ടര്‍മാര്‍ ഡാനിഷിനെ ശസ്ത്രക്രിയ നടത്താന്‍ തിരക്കിയപ്പോഴാണ് ആളുമാറിയ വിവരം അറിഞ്ഞത്.

അബദ്ധം മനസ്സിലാക്കിയതോടെ പത്തരയോടെ തിയേറ്ററിനു പുറത്തേക്ക് കുട്ടിയെ എത്തിച്ചു. അപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയ നടത്തിയത് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ വയറ്റില്‍ എന്തിനാണ് ശസ്ത്രക്രിയ നടത്തിയതെന്നു ഡോക്ടറോട് തിരക്കിയതായി മജീദ് പറയുന്നു. ഹെര്‍ണിയ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അതു നടത്തിയതെന്നായിരുന്നു മറുപടി.

യാതൊരു പരിശോധനയും നടത്താതെ രക്ഷിതാവിന്റെ സമ്മതംപോലുമില്ലാതെ ശസ്ത്രക്രിയ നടത്തിയതില്‍ കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് വീണ്ടും തിയേറ്ററിലേക്ക് കയറ്റുകയും കുട്ടിയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തുകയുംചെയ്തു. രണ്ട് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയില്‍ തുടരുന്ന കുട്ടിയുടെ നില തൃപ്തികരമാണ്.

pathram:
Leave a Comment