മലയാള സിനിമയില്‍ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള വിവാദങ്ങളില്‍ പെട്ടയാളാണ് തിരക്കഥാകൃത്തും അഭിനേതാവുമായ രണ്‍ജി പണിക്കര്‍. ഇത്തരം സംവാദങ്ങളില്‍ താരം ക്രിയാത്മകമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യാറുണ്ട്. ‘കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍’ എന്നാണ് രണ്‍ജി പണിക്കരുടെ ആത്മവിമര്‍ശനം. വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ നൂറു ദിനാഘോഷങ്ങളുടെ ചടങ്ങിലാണ് രണ്‍ജി പണിക്കരുടെ രസകരമായ പരാമര്‍ശം.
രണ്‍ജി പണിക്കരുടെ വാക്കുകള്‍ ഇങ്ങനെ: ‘ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍. കസബ എന്ന ചിത്രം സംവിധാനം െചയ്തതിനു ശേഷം കുറച്ച് എന്റെ മകനും പകര്‍ന്ന് എടുത്തിട്ടുണ്ട്. ഈ സ്ത്രീവിരുദ്ധപാപത്തിന്റെ കറ കഴുകിക്കളയാന്‍ എന്നെ സഹായിക്കുന്നത്, ഓം ശാന്തി ഓശാന, വിജയ് സൂപ്പര്‍ പോലെയുള്ള സിനിമകളിലെ നല്ല അച്ഛന്‍ കഥാപാത്രങ്ങളാണ്. ‘രണ്‍ജി പണിക്കര്‍ പറഞ്ഞു.
‘എന്റെ വീട്ടില്‍ ഞങ്ങള്‍ മൂന്ന് ആണ്‍മക്കളാണ്. എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. എന്റെ മകന് ആണ്‍കുട്ടിയാണ്. അതുകൊണ്ട്, ഒരു പെണ്‍കുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധം ഞാന്‍ അനുഭവച്ചറിഞ്ഞിട്ടില്ല. പെണ്‍കുഞ്ഞ് ഉണ്ടായാല്‍, അവളെ മറ്റൊരു വീട്ടില്‍ പോയി വളരാനുള്ള ആള്‍ എന്ന നിലയില്‍ നമ്മള്‍ പരുവപ്പെടുത്തുകയാണ്. നീ വേറൊരു വീട്ടില്‍ പോയി വളരാനുളളവളാണ്, വേറൊരു അന്തരീക്ഷത്തില്‍ പോയി ജീവിക്കാന്‍ ശീലിക്കണം എന്നാണ് അവളോട് നമ്മുടെ സമൂഹം പറഞ്ഞുകൊടുക്കുന്നത്.
പെണ്‍കുട്ടി വിവാഹം കഴിച്ച് മറ്റൊരു വീട്ടില്‍ എത്തുമ്പോള്‍, അവള്‍ വളര്‍ന്ന സാഹചര്യം, അവള്‍ക്കൊരു മുറിയുണ്ടായിരുന്നെങ്കില്‍ അത്, സ്വന്തമായി ഉണ്ടായിരുന്ന അലമാര, അവളുടെ പുസ്തകങ്ങള്‍, അവള്‍ ശേഖരിച്ച ഓര്‍മകള്‍…ഇതൊക്കെ ഉപേക്ഷിച്ചാണ് മറ്റൊരു വീട്ടിലേക്ക് പോകുന്നത്.’രണ്‍ജി പണിക്കര്‍ പറഞ്ഞു.
‘അങ്ങനെ പറഞ്ഞയക്കുക എന്ന സംമ്പ്രദായം നമ്മുടെ സമൂഹത്തില്‍ ഉള്ളപ്പോള്‍, മറ്റൊരാളെ സ്‌നേഹിക്കാനും അയാള്‍ക്ക് വിട്ടുകൊടുക്കാനും ഉള്ള അച്ഛന്റെ മനസ്സ് ഈ സിനിമയിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നാണ്. അങ്ങനെയൊരു മുഹൂര്‍ത്തം നടനെ സംബന്ധിച്ചടത്തോളം വലിയ ഭാഗ്യമാണ്. അതിന് ജിസ് ജോയ്ക്ക് നന്ദി പറയുന്നു,’ രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
Leave a Comment