ന്യൂഡല്‍ഹി: വോട്ടിങ് മെഷീനുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
വോട്ടിങ്ങിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ പരിസരത്ത് പുറമെ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ചതായുള്ള വാര്‍ത്തകള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നിവിടങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് നിരവധി വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലേയ്ക്കെത്തിച്ച വോട്ടിങ് യന്ത്രങ്ങള്‍ ബിഎസ്പി പ്രവര്‍ത്തകര്‍ തടഞ്ഞു. ഒരു വാന്‍ നിറയെ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിനരികിലേയ്ക്ക് എത്തിച്ചതായും തങ്ങള്‍ വാഹനം തടഞ്ഞതായും ബിഎസ്പി സ്ഥാനാര്‍ഥി അഫ്സല്‍ അന്‍സാരി ആരോപിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ സ്ട്രോങ് റൂമിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഉത്തര്‍പ്രദേശിലെ ചന്ദൗലി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എത്തിക്കുന്നതിന്റെയും വാഹനത്തില്‍നിന്നിറക്കി കെട്ടിടത്തിനുള്ളില്‍ സൂക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വോട്ടെടുപ്പിന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം വോട്ടിങ് കേന്ദ്രത്തില്‍ മെഷീനുകള്‍ എത്തിക്കുന്നതിനെ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യംചെയ്യുന്നതും വീഡിയോയില്‍ കാണാം.
ചന്ദൗലിയിലെ ബൂത്തുകളില്‍ ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിന് കൂടുതലായി കരുതിയിരുന്ന 35 വോട്ടിങ് മെഷീനുകള്‍ തിരികെ എത്തിക്കുന്നതാണ് വീഡിയോയിലുള്ളതെന്നും ഗതാഗത തടസ്സം മൂലമാണ് ഇവ കേന്ദ്രത്തില്‍ എത്തിക്കാന്‍ വൈകിയതെന്നുമാണ് വീഡിയോ സംബന്ധിച്ച് അധികൃതരുടെ വിശദീകരണം.
ഉത്തര്‍പ്രദേശിലെ ദൊമാരിയഗഞ്ചില്‍ ഒരു മിനി ലോറി നിറയെ വോട്ടിങ് മെഷീനുകള്‍ സ്ട്രോങ് റൂമില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം എസ്പി, ബിഎസ്പി പ്രവര്‍ത്തകര്‍ തടഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വോട്ടിങ് മെഷീനില്‍ തിരിമറി നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു.
ബിഹാറിലും സമാനമായ സംഭവങ്ങള്‍ നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സരണ്‍ മണ്ഡലത്തില്‍ വോട്ടങ് മെഷീനുകള്‍ വാഹനത്തില്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ആര്‍ജെഡി പുറത്തുവിട്ടു. മഹാരാജ് ഗഞ്ച് മണ്ഡലത്തിലും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തിലേയ്ക്ക് വാഹനം നിറയെ വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ചത് ആര്‍ജെഡി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബിഡിഒയുടെ നേതൃത്വത്തിലാണ് വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ചതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. മഹാരാഷ്ട്ര അടക്കമുള്ള മറ്റു സംസ്ഥാനങ്ങളില്‍നിന്നും സമാനമായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം, വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ശരിയായ സുരക്ഷയും നടപടിക്രമങ്ങളും പാലിച്ചാണ് വോട്ടിങ് മെഷീനുകള്‍ കൈകാര്യം ചെയ്യുന്നത്. സ്ഥാനാര്‍ഥികള്‍ക്കും പ്രതിനിധികള്‍ക്കും മുന്നില്‍വെച്ചാണ് വോട്ടിങ് മെഷീനുകള്‍ സീല്‍ ചെയ്യുന്നത്. അത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. സ്ട്രോങ് റൂമുകളില്‍ സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്ക് സ്ട്രോങ് റൂമുകള്‍ നിരീക്ഷിക്കാനുള്ള അനുമതിയുമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും അവയുടെ നിരീക്ഷണം തുടരണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളില്‍ തിരിമറി നടക്കുന്നതായി മര്‍സാപുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലളിതേഷ് ത്രിപാഠിയും ആരോപിച്ചിരുന്നു.
വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതല്‍ വിവിപാറ്റ് രസീത് എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാക്കള്‍ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി അടക്കമുള്ള 21 പ്രതിപക്ഷ കക്ഷി നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് കൂടിക്കാഴ്ച.
Leave a Comment