കോഴിക്കോട്: ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നും ഇത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. ദേവസ്വം മന്ത്രി കാര്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് രാജീവ് ഗാന്ധി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ലണ്ടനില്‍ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കില്‍ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണ്.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കണമെന്നും അദാനി നല്‍കിയ കമ്മീഷന്‍ കൊണ്ടാണോ യാത്ര നടത്തിയതെന്ന് പിണറായി വിജയന്‍ പറയണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. മോദിക്ക് കേരളത്തില്‍ ഏറ്റവും പ്രിയം പിണറായി വിജയനെയാണ്. പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാന്‍ പിണറായിക്ക് ആകുന്നില്ലെന്നും കെ.മുരളീധരന്‍ ആരോപിച്ചു. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാധിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
ശബരിമലയില്‍ സര്‍ക്കാര്‍ തെറ്റായൊന്നും ചെയ്തിട്ടില്ലെങ്കിലും കുറേ പേരെ കബളിപ്പിക്കാന്‍ വര്‍ഗീയ ശക്തികള്‍ക്ക് കഴിഞ്ഞുവെന്നാണ് കടകംപള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഈ അഭിപ്രായത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തതിന് കാരണക്കാര്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ശബരിമലയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ എപ്പോഴും നടപടി എടുത്തിട്ടുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Leave a Comment