ലോകകപ്പിലെ ഫേവറേറ്റുകള്‍ രണ്ട് തവണ ജേതാക്കളായ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടുമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ ലോകകപ്പ് നിലനിര്‍ത്തും. ഇംഗ്ലണ്ടും ഇന്ത്യയും രണ്ടാം ഫേവറേറ്റ് മാത്രമാണ്. ഇവരിലൊരു ടീം ഓസ്‌ട്രേലിയക്ക് ഒപ്പം ഫൈനല്‍ കളിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.
ഓപ്പണര്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോലിയും പടുത്തുയര്‍ത്തുന്ന റണ്‍മലയാണ് നിര്‍ണായകം. ബൗളിംഗില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍. കുറഞ്ഞത് ആറ് രാജ്യങ്ങള്‍ തമ്മിലുള്ള അതിശക്തമായ മത്സരം നടക്കുന്ന ആവേശ ലോകകപ്പാണിത്. പങ്കെടുക്കുന്ന ടീമുകളെല്ലാം പരസ്പരം കളിക്കണം. ലീഗ് മത്സരങ്ങള്‍ക്കിടയില്‍ ഒരു ടീമിനും വിശ്രമിക്കാനുള്ള അവസരമുണ്ടാകില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ഉയര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ടീമുകള്‍ക്ക് ആവശ്യം. സ്ഥിരതയാണ് മറ്റൊരു ഘടകം. കൂടാതെ ഗെയിം പ്ലാനും അത് നടപ്പാക്കലും പ്രധാനമാണ്. ഇതിനേക്കാളേറെ സന്തോഷം നിറഞ്ഞ ഡ്രസിംഗ് റൂം ഒരു ടീമിന് അത്യാവശ്യമാണ്. പ്രശ്‌നങ്ങളും അവയുടെ പരിഹാരത്തെ കുറിച്ചും ഗ്രാഹ്യമുണ്ടാകണം. ഇതെല്ലാം ഒന്നിച്ച് വന്നാല്‍ ആ ടീമാണ് ലോകകപ്പ് നേടാന്‍ സാധ്യതയെന്നും മുന്‍ ലോകകപ്പ് ജേതാവ് പറഞ്ഞു. ഇന്ത്യ 2011ല്‍ ലോകകപ്പ് ജേതാക്കളാവുമ്പോള്‍ 97 റണ്‍സെടുത്ത ഗംഭീറായിരുന്നു വിജയശില്‍പി.
Leave a Comment