റോബിന്‍ ഉത്തപ്പ വരുന്നു… കേരളത്തിന് കരുത്തേകാന്‍…

കൊച്ചി: പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റോബിന്‍ ഉത്തപ്പ വരുന്ന ആഭ്യന്തര സീസണില്‍ കേരളത്തിനായി കളിക്കാനൊരുങ്ങുന്നു. കര്‍ണാടക സ്വദേശിയായ റോബിന്‍ ഉത്തപ്പ നിലവില്‍ സൗരാഷ്ട്രയ്ക്കുവേണ്ടിയാണ് കളിക്കുന്നത്.

ഉത്തപ്പയുമായി ഇക്കാര്യത്തില്‍ ധാരണയായെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. എന്‍.ഒ.സി ലഭിക്കാനായി കെ.സി.എ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മര്‍ദ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിചയസമ്പന്നനായ ഒരു താരത്തിനായുള്ള അന്വേഷണത്തിലായിരുന്നു തങ്ങളെന്നും ഉത്തപ്പ ടീമിലെത്തുന്നത് ടീമിന്റെ ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കുമെന്നും ശ്രീജിത്ത് വി നായര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു സീസണുകളില്‍ സൗരാഷ്ട്രയ്ക്കായി കളത്തിലിറങ്ങിയ ശേഷമാണ് ഉത്തപ്പ കേരളത്തിലേക്ക് കളംമാറ്റിച്ചവിട്ടാനൊരുങ്ങുന്നത്. അതേസമയം ഉത്തപ്പ ടീമിലെത്തുന്നതോടെ കഴിഞ്ഞ സീസണുകളില്‍ കേരളത്തിനായി കളിച്ച തമിഴ്നാട് സ്വദേശിയായ അതിഥിതാരം അരുണ്‍ കാര്‍ത്തിക്കിനെ ഒഴിവാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡേവ് വാട്ട്മോര്‍ തന്നെയാകും പുതിയ സീസണില്‍ കേരള ടീം പരിശീലകന്‍. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി സെമി ഫൈനലിലെത്തി കേരളം ചരിത്രം കുറിച്ചിരുന്നു.

കുടക് സ്വദേശി വേണു ഉത്തപ്പയുടെയും മലയാളിയായ റോസ്‌ലിന്റെയും മകനാണ് റോബിന്‍ ഉത്തപ്പ. ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളത്തിലിറങ്ങിയ ഉത്തപ്പ 12 മത്സരങ്ങളില്‍ നിന്ന് 31.33 ശരാശരിയില്‍ 282 റണ്‍സെടുത്തിരുന്നു. ഇന്ത്യയ്ക്കായി 46 ഏകദിനങ്ങള്‍ കളിച്ച താരം ആറ് അര്‍ധ സെഞ്ചുറിയടക്കം 934 റണ്‍സ് നേടിയിട്ടുണ്ട്.

pathram:
Leave a Comment